| Sunday, 16th April 2023, 7:19 pm

ഇനി ഇന്ത്യന്‍ ക്രിക്കറ്റിനെ ഭരിക്കാന്‍ പോകുന്നത് അവനായിരിക്കും; ഭാവി വിരാട് കോഹ്‌ലിയാണവന്‍: ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് പാകിസ്ഥാന്‍ ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ല്‍ തന്റെ വെടിക്കെട്ട് ബാറ്റിങ് തുടരുകയാണ് ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണിങ് ബാറ്ററായ ശുഭ്മന്‍ ഗില്‍. സച്ചിനും സെവാഗിനും രോഹിത് ശര്‍മക്കും ഇഷാന്‍ കിഷനും ശേഷം ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ താരം കൂടിയായ ഗില്ലിന് ടെസ്റ്റിലും മികച്ച റെക്കോര്‍ഡാണ് ഉള്ളത്.

ഐ.പി.എല്ലിന്റെ പതിനാറാം സീസണില്‍ വ്യാഴാഴ്ച്ച പഞ്ചാബ് കിങ്‌സിനെതിരെ നേടിയ അര്‍ധ സെഞ്ച്വറിയോടെ തന്റെ ബാറ്റിങ് ഒരിക്കല്‍ കൂടി തെളിയിക്കാനും ഗില്ലിനായി. മത്സരത്തില്‍ പിറന്ന ഏക അര്‍ധ സെഞ്ച്വറിയും ഗില്ലിന്റെ പേരിലായിരുന്നു. 49 പന്തില്‍ 67 റണ്‍സെടുത്ത ഗില്ലിന്റെ മികവില്‍ പഞ്ചാബിന്റെ ഹോം ഗ്രൗണ്ടില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് നേടിയെടുത്തത്.

മത്സര ശേഷം 23 കാരന്റെ ബാറ്റിങ്ങിനെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന ഗില്ലിന്റെ കഴിവിനെയാണ് മുതിര്‍ന്ന താരങ്ങളടക്കം പ്രശംസിക്കുന്നത്.

ഇപ്പോഴിതാ ഈ കൗമാരക്കാരനെ കഴിവിനെ അംഗീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് പാകിസ്ഥാന്‍ ലെജന്‍ഡ് റമീസ് രാജ. ഭാവിയില്‍ വിരാട് കോഹ്‌ലിയുടെ പിന്‍ഗാമിയാവാന്‍ കഴിവുള്ളവനാണ് ഗില്ലെന്നാണ് രാജ അഭിപ്രായപ്പെട്ടത്.

‘ക്രിക്കറ്റില്‍ മികച്ച പൊട്ടന്‍ഷ്യല്‍ ചെയ്യാനുള്ള കഴിവുള്ള താരമാണ് ഗില്‍. അവന്റെ ഷോട്ടുകളും കളിക്കുന്ന രീതിയും കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. ക്ലാസും ആക്രമണോത്സുകതയും ഒത്തുച്ചേര്‍ന്ന ബാറ്റിങ് ശൈലിയാണ് ഗില്ലിനുള്ളത്. ഇനിയും അവസരം കിട്ടുകയാണെങ്കില്‍ അവന് വിരാട് കോഹ്‌ലിയുടെ ലെവലിലൊക്കെ എത്താനാകും.

ഇപ്പോള്‍ തന്നെ ഒരുപിടി റെക്കോഡുകളൊക്കെ അവന്‍ തന്റെ പേരിലാക്കിയിട്ടുണ്ട്. ഇത്ര ചെറുപ്പത്തില്‍ തന്നെ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനായെങ്കില്‍ വരും കാലങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് തന്നെ അവന്‍ അടക്കി ഭരിക്കാന്‍ കഴിവുള്ള താരമാണവന്‍,’ റമീസ് രാജ പറഞ്ഞു.

ഞായറാഴ്ച്ച നടക്കുന്ന ഐ.പി.എല്ലിന്റെ 23ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് നേരിടുന്നത്.

Content Highlight: Pakistan cricket legend talk about indian youngster

We use cookies to give you the best possible experience. Learn more