ബംഗ്ലാദേശും പാകിസ്ഥാനും തമ്മില്‍ റാവല്‍പിണ്ടിയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മഴകാരണം വൈകിയിരിക്കുകയാണ്. ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. ഏറെകാലമായി പാകിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റിലും മറ്റ് രണ്ട് ഫോര്‍മാറ്റിലും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വമ്പന്‍ പ്രശ്‌നങ്ങളാണ് ഉടലെടുത്തത്. പാകിസ്ഥാന്റെ പുതിയ ക്യാപ്റ്റന്‍ ഷാന്‍ മസൂദും സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും തമ്മില്‍ ഡ്രസിങ് റൂമില്‍ പരസ്പരം വഴക്കുണ്ടാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മുഫാദ്‌ല പരോടഡിയുടെ എക്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരുവരും തമ്മില്‍ ഫിസിക്കല്‍ ഫൈറ്റ് നടന്നെന്നും മുഹമ്മദ് റിസ്വാന്‍ തടയാന്‍ ശ്രമിച്ചിട്ടും രണ്ട് പേരും പരസ്പരം അടിക്കുകയായിരുന്നു.
ഇപ്പോള്‍ പാകിസ്ഥാന്‍ മാനേജ്‌മെന്റ് വമ്പന്‍ തീരുമാനാമാണ് എടുത്തത്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഷഹീന്‍ അഫ്രീദിയെയും നസീം ഷായെയും പുറത്താക്കിയിട്ടുണ്ട്. കാരണം വ്യക്തമായിട്ടില്ല.
വെറും 146 റണ്‍സിനാണ് പാകിസ്ഥാനെ ബംഗ്ലാ ബൗളര്‍മാര്‍ തറ പറ്റിച്ചത്. മെഹ്ദി ഹസന്റെ തകര്‍പ്പന്‍ സ്പിന്നില്‍ നാല് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടപ്പെട്ടത്. ഷരീഫുള്‍ ഇസ്ലാം, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഷാക്കിബ് അല്‍ ഹസന്‍ മൂന്ന് നിര്‍ണായക വിക്കറ്റുകളും നേടി.
ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് വമ്പന്‍ വിജയം നേടിക്കൊടുത്തതില്‍ നിര്‍ണായക പങ്ക് വഹിച്ചത് മുന്‍ ക്യാപ്റ്റന്‍ മുഷ്ഫിഖര്‍ റഹീമാണ്. ആദ്യ ഇന്നിങ്സില്‍ 341 പന്തില്‍ 22 ഫോറും ഒരു സിക്സും അടക്കം 191 റണ്‍സാണ് താരം നേടിയത്. ഇതോടെ ആദ്യ ടെസ്റ്റിലെ പ്ലയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും താരം സ്വന്തമാക്കിയിരിക്കുകയാണ്.
അതേസമയം 2021 ഡിസംബറിന് ശേഷം പാകിസ്ഥാന്‍ ഒരു ഹോം ടെസ്റ്റ് പോലും ജയിച്ചിട്ടില്ല. സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായി അഞ്ച് ടെസ്റ്റുകളിലും പാകിസ്ഥാന് വിജയിക്കാന്‍ സാധിക്കാത്തതിന് ഏറെ വിമര്‍ശനങ്ങള്‍ ടീം നേരിടേണ്ടി വന്നിരുന്നു. ന്യൂസിലാന്‍ഡിനും ഓസ്ട്രേലിയയ്ക്കുമെതിരായ കഴിഞ്ഞ മത്സരങ്ങള്‍ പാകിസ്ഥാന്‍ സമനിലയില്‍ പിരിയുകയായിരുന്നു.
Content Highlight: Pakistan cricket is ridiculed in front of the world