| Thursday, 3rd October 2024, 3:30 pm

ബാബറിന്റെ രാജിക്ക് പുറകെ പാകിസ്ഥാന് വീണ്ടും വമ്പന്‍ തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും സൂപ്പര്‍ താരം ബാബര്‍ അസം രാജിവെച്ചിരുന്നു. ടി-20യിലും ഏകദിനത്തിലും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ബാബറിനെ പിന്തുണച്ചെങ്കിലും സ്ഥാനമൊഴിയാനാണ് താരം തീരുമാനമെടുത്തത്. ഇപ്പോള്‍ ടീമിനെ വെട്ടിലാക്കിക്കൊണ്ട് സ്റ്റാര്‍ സ്പിന്‍ന്നര്‍ ഉസ്മാന്‍ ഖാദിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

പാകിസ്ഥാന് വേണ്ടി 26 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരം ഏകദിനത്തിലെ ഒരു മത്സരത്തില്‍ നിന്നും ഒരു വിക്കറ്റും 25 ടി-20ഐയിലെ 21 ഇന്നിങസില്‍ നിന്ന് 31 വിക്കറ്റും നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എയിലും ടി-20യിലും ഉള്‍പ്പെടെ 201 വിക്കറ്റുകള്‍ താരത്തിനുണ്ട്. മികച്ച സ്പിന്‍ ബൗള്‍മാരുടെ അഭാവം പാകിസ്ഥാന് തിരിച്ചടിയാകുമ്പോള്‍ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് വീണ്ടും പാകിസ്ഥാന് വലിയ തലവേദനയാണ്.

കഴിഞ്ഞ കുറെ കാലങ്ങളായി പാകിസ്ഥാന്‍ ക്രിക്കറ്റ് വമ്പന്‍ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ക്രിക്കറ്റിലെ മോശം പ്രകടനം കാരണം പല മുന്‍ താരങ്ങളും ടീമിനെ ആക്രമിച്ചിരുന്നു. അടുത്തിടെ ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ തോല്‍വിയും പാകിസ്ഥാനെ ഏറെ നിരാശയിലാക്കി.

എന്നിരുന്നാലും പാകിസ്ഥാനില്‍ 2025 ചാമ്പ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്നത് കൊണ്ട് ടീമിനെ മികച്ച നിലവാരത്തിലേക്ക് എത്തിക്കേണ്ടത് ടീമിന്റെ വലിയ ചുമതലയാണ്. വമ്പന്‍ ടൂര്‍ണമെന്റിന് മുന്നോടിയായി ന്യൂസിലാന്‍ഡിനോടും സൗത്ത് ആഫ്രിക്കയോടും സിംബാബ്വേയോടും പാകിസ്ഥാന്‍ മത്സരിക്കും.

അടുത്ത മാസം ഓസ്ട്രേലിയന്‍ പര്യടനത്തോടെ ആരംഭിക്കുന്ന മൂന്ന് ഏകദിനങ്ങളും ടി-20യും കളിക്കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്ഥാന്‍. എന്നാല്‍ ബാബര്‍ അസം രാജി വെച്ചത് പാകിസ്ഥാന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.

Content Highlight: Pakistan Cricket In Big Setback After Babar Azam

We use cookies to give you the best possible experience. Learn more