| Saturday, 19th February 2022, 3:11 pm

കോഹ്‌ലി ഭായ് ഇവിടെ വന്നൊരു സെഞ്ച്വറിയടിക്കൂ... പാകിസ്ഥാനില്‍ നിന്നും ഒരു വിരാട് ആരാധകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഇന്ത്യയില്‍ മാത്രമല്ല ആരാധകരുള്ളത്. താരത്തിന്റെ കളിമികവും ആറ്റിറ്റിയൂഡും മാത്രമല്ല, കളിക്കളത്തില്‍ ചുള്ളന്‍ ചെക്കന്‍ എന്ന നിലയിലും ലോകമെമ്പാടും വിരാടിന് ആരാധകര്‍ ഏറെയാണ്. ഇതുകൂടാതെ യുവാക്കളില്‍ ഏറെ സ്വാധീനം ചെലുത്താനും താരത്തിനായിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴിതാ വിരാടിനോടുള്ള ആരാധന വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് പാകിസ്ഥാനില്‍ നിന്നുമുള്ള ക്രിക്കറ്റ് ആരാധകന്‍. പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ നിന്നാണ് താരത്തിനോടുള്ള ആരാധന വെളിവാക്കി ആരാധകന്‍ എത്തിയിരിക്കുന്നത്.

പി.എസ്.എല്ലിലെ ഫാന്‍ ഫേവറിറ്റുകളായ മുള്‍ട്ടാന്‍ സുല്‍ത്താന്‍സും ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടയിലാണ് ആരാധകന്‍ വിരാടിനോടുള്ള സ്‌നേഹം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ജേഴ്‌സിയിലുള്ള വിരാടിന്റെ ചിത്രത്തിനൊപ്പം ‘ഐ വാണ്ട് റ്റു സീ എ സെഞ്ച്വറി ഇന്‍ പാകിസ്ഥാന്‍’ (പാകിസ്ഥാനില്‍ നിങ്ങളുടെ ഒരു സെഞ്ച്വറി കാണണം) എന്ന പോസ്റ്ററും ഉയര്‍ത്തിപ്പിടിച്ചാണ് ഇയാള്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടിയത്.

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍, പ്രത്യേകിച്ച് വിരാട് ആരാധകര്‍ ഇക്കാര്യം ആഘോഷമാക്കുന്നുണ്ട്.

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും 2019ന് ശേഷം വിരാടിന് ഒരു അന്താരാഷ്ട്ര സെഞ്ച്വറിയും നേടാന്‍ സാധിച്ചിരുന്നില്ല.

13 ഏകദിനങ്ങളില്‍ നിന്നുമായി 48.17 ശരാശരിയില്‍ 536 റണ്‍സാണ് വിരാട് പാകിസ്ഥാനെതിരെ നേടിയത്. ടി-20 മത്സരങ്ങളിലാവട്ടെ, 7 ഇന്നിംഗ്‌സുകളില്‍ നിന്നുമായി 77.75 ആവറേജില്‍ 311 റണ്‍സാണ് നേടിയത്.

2008ന് ശേഷം രാഷ്ട്രീയ-നയതന്ത്ര പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യയും പാകിസ്ഥാനും ഐ.സി.സി ടൂര്‍ണമെന്റുകളിലല്ലാതെ ഏറ്റുമുട്ടാറില്ല. ഇന്ത്യ പാകിസ്ഥാനിലേക്കോ, പാകിസ്ഥാന്‍ ഇന്ത്യയിലേക്കോ പര്യടനത്തിനായി പോവാറുമില്ല. ഐ.പി.എല്ലിലും പാക് താരങ്ങള്‍ ഇല്ലാത്തതിന്റെ പ്രധാന കാരണവും ഇതുതന്നെ.

പാക് മണ്ണില്‍ കോഹ്‌ലിക്ക് ഇനിയൊരു സെഞ്ച്വറി നേടണമെങ്കില്‍ 2025 വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.

2025ല്‍ നടക്കാനിരിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയര്‍ പാകിസ്ഥാനാണ്. ഇനി പാക് മണ്ണില്‍ കോഹ്‌ലിക്ക് സെഞ്ച്വറി നേടണമെങ്കില്‍ ഒന്നുകില്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും മുന്‍കൈയെടുക്കുകയോ അല്ലെങ്കില്‍ 2025 വരെ കാത്തിരിക്കുകയോ വേണം.


Content Highlight: Pakistan cricket fan has request for Virat Kohli, holds special poster during PSL 2022 match

Latest Stories

We use cookies to give you the best possible experience. Learn more