പരിക്കേറ്റ പാകിസ്ഥാന്‍ ബൗളര്‍ ഷഹീന്‍ അഫ്രിദിക്ക് വേണ്ടി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒന്നും തന്നെ ചെയ്യുന്നില്ല എന്ന ഷാഹിദ് അഫ്രിദിയുടെ ആരോപണത്തിനെതിരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) രംഗത്ത്.
പി.സി.ബി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഷഹീന്‍ അഫ്രിദിയുടെ ആരോഗ്യത്തെ കുറിച്ചും ചികിത്സയെ കുറിച്ചുമുള്ള കാര്യങ്ങള്‍ വിശദമായി അറിയിച്ചത്.
പാകിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തിനിടെയായിരുന്നു പാക് ടീമിന്റെ ഫൈവ് സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദി പരിക്കേറ്റ് പുറത്തായത്. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റതിന് പിന്നാലെ താരത്തിന് രണ്ടാം ടെസ്റ്റും നഷ്ടമായിരുന്നു.
കാല്‍മുട്ടിനേറ്റ പരിക്ക് താരത്തിന് ഏഷ്യാ കപ്പില്‍ നിന്നും പുറത്തേക്കുള്ള വഴിയൊരുക്കിയരുന്നു. പാക് ടീമിന്റെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടതിന് ശേഷമായിരുന്നു താരത്തെ പുറത്താക്കിയത്.
നിലവില്‍ ഷഹീന്‍ യു.കെയില്‍ ചികിത്സയിലാണ്. ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനവും ഒരുപക്ഷേ താരത്തിന് നഷ്ടമാവാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും ടി-20 ലോകകപ്പിന് മുമ്പ് താരത്തെ പൂര്‍ണ ആരോഗ്യവാനായി ടീമിലെത്തിക്കാനാണ് പാകിസ്ഥാന്‍ ഒരുങ്ങുന്നത്.
ഇതിനിടയിലാണ് ഷഹീന്റെ ചികിത്സയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അലംഭാവം കാണിക്കുന്നു എന്ന ആക്ഷേപവുമായി മുന്‍ പാകിസ്ഥാന്‍ നായകനായ ഷാഹിദ് അഫ്രിദി രംഗത്തെത്തിയത്.
‘ഷഹീന്‍ സ്വയമാണ് അവന്റെ ചികിത്സക്കായി പോയത്. അവന്റെ ചികിത്സക്കുള്ള പണം അവന്‍ തന്നെയാണ് നല്‍കുന്നത്. ഞാനാണ് അവന് ഡോക്ടറെ ഏര്‍പ്പാടാക്കി നല്‍കിയത്.
പി.സി.ബി ഒന്നും തന്നെ ചെയ്തിട്ടില്ല. സക്കീര്‍ ഖാന്‍ (ഡയറക്ടര്‍ ഓഫ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് പി.സി.ബി) അവനോട് ഒന്നോ രണ്ടോ തവണ മാത്രമേ സംസാരിച്ചിട്ടുള്ളൂ,’ എന്നായിരുന്നു ഷാഹിദ് സമാ ടി.വിയില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
‘ഷഹീന്‍ ഷാ അഫ്രിദി സുഖം പ്രാപിച്ചു വരുന്നു എന്ന വിവരം സന്തോഷപൂര്‍വം അറിയിക്കാന്‍ ആഗ്രഹിക്കുകയാണ്. ഐ.സി.സി ടി-20 ലോകകപ്പിന് മുമ്പായി പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരവിനുള്ള പാതയിലാണ് അദ്ദേഹം.
ചികിത്സ ആവശ്യമുള്ള താരങ്ങളുടെ പരിചരണത്തിനും മറ്റും പി.സി.ബി എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധരാണ്. അത് എപ്പോഴും തുടരുകയും ചെയ്യും,’ എന്നായിരുന്നു പി.സി.ബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.