ബാബറിന് പകരം വൈറ്റ് ബോളില്‍ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്!
Sports News
ബാബറിന് പകരം വൈറ്റ് ബോളില്‍ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 19th October 2024, 12:21 pm

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. മുള്‍ട്ടാനില്‍ നടന്ന മത്സരത്തില്‍ 152 റണ്‍സിന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്താനും പാകിസ്ഥാനായി. മത്സരത്തില്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസമിനെ ഒഴിവാക്കിയിരുന്നു. മാത്രമല്ല വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സിയില്‍ നിന്നും താരം നേരത്തെ രാജി വെക്കുകയും ചെയ്തിരുന്നു.

ഇതോടെ ബാബര്‍ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഒരു ചോദ്യ ചിഹ്നമായി തുടരുകയാണ്. ഇതോടെ പാകിസ്ഥാന്‍ അടുത്ത വൈറ്റ് ബോള്‍ ക്യാപ്റ്റനെയും ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുകയാണ്. നിലവില്‍ പാകിസ്ഥാന്റെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനെയാണ് പി.സി.ബി തെരഞ്ഞെടുത്തത്.

ഓസ്ട്രേലിയ, സിംബാബ്‌വെ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന പര്യടനം കണക്കിലെടുത്ത് പാകിസ്ഥാന്‍ വൈറ്റ് ബോളിലെ പുതിയ ക്യാപ്റ്റനെ തെരഞ്ഞടുത്തത്. ആഭ്യന്തര മത്സരത്തിലും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലും മികവ് പുലര്‍ത്തിയ റിസ്വാനെ പുതിയ വൈറ്റ് ബോള്‍ നായകനായി ഉടന്‍ പ്രഖ്യാപിക്കുമെന്നും പി.സി.ബി വ്യക്തമാക്കി.

പി.സി.ബിയുടെ ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‌വിയും ദേശീയ സെലക്ടര്‍മാരും വൈറ്റ് ബോള്‍ ഹെഡ് കോച്ച് ഗാരി കിര്‍സ്റ്റണ്‍ എന്നിവരുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് വിക്കറ്റ് കീപ്പറുടെ പേര് അന്തിമമായി തെരഞ്ഞെടുത്തത്. മാത്രമല്ല വൈറ്റ്‌ബോള്‍ ടീമിനെയും സെലക്ഷന്‍ കമ്മിറ്റി ഉടന്‍ തെരഞ്ഞെടുക്കും.

‘സ്ഥിരതയാര്‍ന്ന പ്രകടനമാണ് റിസ്വാന്‍ ഏറെ നാളായി പാകിസ്ഥാനുവേണ്ടി കളിക്കുന്നത്. അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോഡും ശ്രദ്ധേയമാണ്, ബാബര്‍ അസമിന് പകരക്കാരനാകാനുള്ള സ്വാഭാവിക തെരഞ്ഞെടുപ്പാണ് റിസ്വാന്‍,’ പി.സി.ബിയിലെ ഒരു അംഗം പറഞ്ഞു.

അതേസമയം ഒക്ടോബര്‍ 24നാണ് ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള സീരീസ് ഡിസൈഡര്‍ ടെസ്റ്റ് ആരംഭിക്കുന്നത്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയമാണ് വാശിയേറിയ പോരാട്ടത്തിന് വേദിയാവുന്നത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു ഹോം ടെസ്റ്റ് സീരീസ് ജയമാണ് പാകിസ്ഥാന് മുമ്പിലുള്ളത്. ഇതേ പ്രകടനം ആവര്‍ത്തിച്ച് നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ പാകിസ്ഥാന് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

Content Highlight: Pakistan Cricket Board Selected New White Bowl Captain