ഫഖര്‍ സമാനും വഹാബ് റിയാസിനുമടക്കം പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ ഏഴ് പേര്‍ക്ക് കൂടി കൊവിഡ്; ഇംഗ്ലണ്ട് പര്യടനം അനിശ്ചിതത്വത്തില്‍
COVID-19
ഫഖര്‍ സമാനും വഹാബ് റിയാസിനുമടക്കം പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ ഏഴ് പേര്‍ക്ക് കൂടി കൊവിഡ്; ഇംഗ്ലണ്ട് പര്യടനം അനിശ്ചിതത്വത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th June 2020, 7:47 am

ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ ഏഴ് കളിക്കാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി പി.സി.ബി. ചൊവ്വാഴ്ച രാവിലെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്.

ഇംഗ്ലണ്ട് പര്യടനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ് എന്നിവരടക്കമുള്ള താരങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കാഷിഫ് ഭാട്ടി, മുഹമ്മദ് ഹസ്നെയ്ന്‍, ഫഖര്‍ സമന്‍, മുഹമ്മദ് റിസ്‌വാന്‍, ഇമ്രാന്‍ ഖാന്‍, ഹഫീസ്, റിയാസ് എന്നിവര്‍ക്കാണ് ചൊവ്വാഴ്ച രാത്രി കൊവിഡ് സ്ഥിരീകരിച്ചത്. ഓള്‍ റൗണ്ടറായ ഷദബ് ഖാന്‍, ബാറ്റ്‌സ്മാന്‍ ഹൈദര്‍ അലി, ഫാസ്റ്റ് ബൗളര്‍ ഹാരിസ് റഊഫ് എന്നിവര്‍ക്ക് തിങ്കളാഴ്ച്ചയായിരുന്നു സ്ഥിരീകരിച്ചത്.

ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫായ മാലങ്ക് അലിക്കും രോഗമുള്ളതായി പി.സി.ബി അറിയിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി റാവല്‍പിണ്ടിയില്‍ വെച്ച് നടന്ന പരിശോധനയിലാണ് താരങ്ങള്‍ക്ക് കൊവിഡ് ബാധ കണ്ടെത്തിയത്. ‘ചെറുപ്പക്കാരും കായിക താരങ്ങളുമായ പത്ത് പേര്‍ക്കാണ് കൊവിഡ് വന്നിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങള്‍ക്ക് വരാമെങ്കില്‍ ആര്‍ക്കും ഇത് പിടിപെടാം’. -പി.സി.ബി ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ വസിം ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാകിസ്താന്‍ ഈ മാസം 28നാണ് ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. മൂന്ന് വീതം ടെസ്റ്റുകളും ട്വന്റി-20 മത്സരങ്ങളുമാണുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ