2025 ചാമ്പ്യന്‍സ് ട്രോഫി നേടിയാണ് ഇന്ത്യ ക്രിക്കറ്റ് ലോകത്ത് തങ്ങളുടെ ആധിപത്യം തുടരുന്നത്. എന്നാല്‍ ടൂര്‍ണമെന്റില്‍ ആധിഥേയത്വം വഹിച്ച പാകിസ്ഥാന്‍ നിരാശാജനകമായ പ്രകടനമായിരുന്നു പുറത്തെടുത്തത്.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ എന്ന പേര് പോലും നഷ്ടപ്പെടുത്തുന്ന രീതിയിലായിരുന്നു മെന്‍ ഇന്‍ ഗ്രീന്‍ താരങ്ങള്‍ കളിച്ചത്. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെയാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ പുറത്തായത്.
ഇതിനെല്ലാം പുറമെ വമ്പന്‍ സാമ്പത്തിക നഷ്ടമാണ് പാകിസ്ഥാന്റെ തലയില്‍ വീണത്. 29 വര്‍ഷത്തിന് ശേഷം ഒരു ഐ.സി.സി ടൂര്‍ണമെന്റിന് ആധിതേയത്വം വഹിച്ച പാകിസ്ഥാന് വലിയ പ്രതീക്ഷകളായിരുന്നു. സ്റ്റേഡിയം നവികരണമുള്‍പ്പെടെ പി.സി.ബി ചെലവഴിച്ചത് 850 കോടി രൂപയാണ്. എന്നാല്‍ തിരിച്ചുകിട്ടിയത് ഇതിന്റെ 15 ശതമാനം മാത്രമാണ്.
ഇതോടെ 738 കോടിയുടെ നഷ്ടമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഉണ്ടായത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യ പാകിസ്ഥാനില്‍ കളിക്കില്ലെന്ന് പറഞ്ഞത് മുതല്‍ പി.സി.ബിക്ക് തിരിച്ചടി തുടങ്ങിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങും ദുബായില്‍ നടത്തണമെന്ന് പറഞ്ഞതും പാകിസ്ഥാന് ഭീമമായ നഷ്ടമുണ്ടാക്കി.
ഇതോടെ കടുത്ത ചെലവ് ചുരുക്കലിലേക്കാണ് പി.സി.ബി കടക്കേണ്ടി വന്നത്. ഇതിന്റെ ഭാഗമായി ആഭ്യന്തര അന്താരാഷ്ട്ര മത്സരങ്ങളില്‍ താരങ്ങള്‍ക്ക് നല്‍കുന്ന മാച്ച് ഫീ വെട്ടിക്കുറച്ചും സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് പകരം ചെലവ് കുറഞ്ഞ താമസ സൗകര്യങ്ങള്‍ കണ്ടെത്തുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പാക് ബോര്‍ഡ് ചെയ്യുന്നത്.
Content Highlight: Pakistan Cricket Board Have Huge Loss For Host Champions Trophy