Sports News
29 വര്‍ഷങ്ങള്‍ക്ക് ശേഷം കിട്ടിയ ഐ.സി.സി ടൂര്‍ണമെന്റ്, പുറത്തായതിന് പിന്നാലെ പാകിസ്ഥാന് വമ്പന്‍ തിരിച്ചടി!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 25, 12:04 pm
Tuesday, 25th February 2025, 5:34 pm

2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്‍ പുറത്തായിരിക്കുകയാണ്. ടൂര്‍ണമെന്റിലെ മോശം പ്രകടനം കാരണം പാകിസ്ഥാന്‍ ടീമിനും മാനേജ്‌മെന്റിനും വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.

29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ ഒരു ഐ.സി.സി ടൂര്‍ണമെന്റില്‍ ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് വെറും നാല് ദിവസംകൊണ്ടാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ഇതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് സാമ്പത്തികമായി വലിയ തിരിച്ചടി സംഭവിച്ചെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നുന്നത്.

മത്സരങ്ങള്‍ കാണാന്‍ പാകിസ്ഥാനിലെ സ്റ്റേഡിയങ്ങളില്‍ കാണികള്‍ എത്തുന്നില്ല എന്നതാണ് പി.സി.ബിക്ക് മുന്നിലെ വലിയ വെല്ലുവിളി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന് ഒരു ദിവസം മുമ്പ് നടന്ന ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് മത്സരത്തിന് ഗദ്ദാഫി സ്റ്റേഡിയത്തില്‍ വലിയ ജനക്കൂട്ടമെത്തിയിരുന്നു.

ഇത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് വലിയ ആത്മവിശ്വാസം നല്‍കിയെന്നും എന്നാല്‍ ഇന്ത്യയോടേറ്റ തോല്‍വിയും ടൂര്‍ണമെന്റില്‍ നിന്ന് പാകിസ്ഥാന്‍ പുറത്തായതും പാക് ക്രിക്കറ്റ് ബോര്‍ഡില്‍ വലിയ തിരിച്ചടി ഉണ്ടാക്കിയെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥാന്‍ പറഞ്ഞത്.

‘പാകിസ്ഥാന്‍ ഉള്‍പ്പെടാത്ത ഒരു മത്സരം കാണുന്നതും ആസ്വദിക്കുന്നതും ആളുകള്‍ വരുന്നത് പ്രചോദനം നല്‍കുന്ന കാര്യമാണ്. എന്നാല്‍ പാകിസ്ഥാനില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് കാണികളെത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് വെല്ലുവിളിയാണ്. കാരണം 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ ഇത്രയും വലിയ ഒരു ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

ആതിഥേയത്വ ഫീസ്, ടിക്കറ്റ് വില്‍പ്പന ഉള്‍പ്പെടെയുള്ള ഐ.സി.സി വരുമാനത്തിന്റെ പങ്ക് ഞങ്ങള്‍ക്ക് ഉറപ്പാണ്. പക്ഷേ മെഗാ ഇവന്റില്‍ ആളുകള്‍ക്ക് താത്പ്പര്യം നഷ്ടപ്പെടുന്നു. സ്റ്റേഡിയത്തില്‍ പകുതി കാണികള്‍ മാത്രം വരുന്നതു പ്രശ്‌നമാണ്. ക്രിക്കറ്റിനോടുള്ള ആവേശം ആളുകളുടെ ഇടയിലുണ്ടെങ്കിലും, ഭാവിയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റിനെ ഒരു ബ്രാന്‍ഡായി മാറ്റുന്നത് എളുപ്പമായിരിക്കില്ല എന്നതാണ് ഏറ്റവും വലിയ ആശങ്ക,’ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Content Highlight: Pakistan Cricket Board Have Big Setback