| Sunday, 8th September 2024, 8:12 pm

ജയ് ഷാ ഐ.സി.സിയുടെ ചെയര്‍മാനായതില്‍ ആശങ്കയില്ല; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവനായി ജയ്ഷാ അടുത്തിടെ സ്ഥാനമേറ്റിരുന്നു. ഇപ്പോള്‍ ജയ് ഷായെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി.

ലോക ക്രിക്കറ്റിന്റെ പരമോന്നത സമിതിയുടെ ചെയര്‍മാനായി ജയ് ഷായെ തെരഞ്ഞെടുത്തതില്‍ ആശങ്കയില്ലെന്നാണ് പാകിസ്ഥാന്‍ ചെയര്‍മാന്‍ പറഞ്ഞത്. മാത്രമല്ല ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചര്‍ച്ചയില്‍ താരം പങ്കെടുക്കില്ലെന്നും പറഞ്ഞു.

‘ഞങ്ങള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്, അദ്ദേഹം ഐ.സി.സി ചെയര്‍മാന്‍ ആകുന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയില്ല. സെപ്റ്റംബര്‍ 8, 9 തീയതികളില്‍ ആണ് എ.സി.സി മീറ്റിങ്. എന്നാല്‍ ഞാന്‍ എ.സി.സി യോഗത്തില്‍ പങ്കെടുക്കില്ല. സല്‍മാന്‍ നസീര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിനിധീകരിക്കും. എ.സി.സിയുടെ പുതിയ പ്രസിഡണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമമാക്കും,’അദ്ദേഹം പറഞ്ഞു.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവനായിരിക്കെ 2023ലെ ഏഷ്യ കപ്പില്‍ ഇന്ത്യ – പാകിസ്ഥാനില്‍ കളിക്കാന്‍ ജയ് ഷാ വിസമ്മതിച്ചിരുന്നു. മാത്രമല്ല 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുമ്പോള്‍ ഇന്ത്യ പാകിസ്ഥാനില്‍ കളിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.

ഇത്തരം കാര്യങ്ങള്‍ മുന്നിലുള്ളപ്പോള്‍ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജയ് ഷാ വരുന്നത് ആശങ്ക ഉയര്‍ത്തുന്നില്ല എന്നാണ് പാകിസ്ഥാന്‍ ചെയര്‍മാന്‍ പറഞ്ഞിരിക്കുന്നത്. 35ാം വയസ്സില്‍ ഐ.സി.സിയുടെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാന്‍ ആകാന്‍ ജയ് ഷാക്ക് സാധിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ നിലവിലെ ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെ സ്ഥാനമൊഴിയും.

Content Highlight: Pakistan Cricket Board Chairman Talking About Jay Shah

We use cookies to give you the best possible experience. Learn more