ടി-20 ലോകകപ്പില്‍ സിംബാബ്‌വേയോട് അപ്രതീക്ഷിതമായി തോല്‍വി വഴങ്ങിയതിന്റെ ഞെട്ടലിലാണ് പാകിസ്ഥാന്‍. ഇന്ത്യക്കെതിരായ ആദ്യ മത്സരത്തില്‍ ജയമുറപ്പിച്ചിടത്ത് നിന്നും തോല്‍വിയുടെ പടുകുഴിയിലേക്ക് വീണതിന്റെ ആഘാതം മറക്കാനായിരുന്നു പാകിസ്ഥാന്‍ രണ്ടാം മത്സരത്തിനിറങ്ങിയത്. എന്നാല്‍ മെന്‍ ഇന്‍ ഗ്രീനിനെ ഞെട്ടിച്ചുകൊണ്ട് ഷെവ്‌റോണ്‍സ് ഒരു റണ്ണിന്റെ വിജയം ആഘോഷിക്കുകയായിരുന്നു.
പാകിസ്ഥാനെ തെല്ലൊന്നുമല്ല ഈ തോല്‍വി അമ്പരപ്പിച്ചത്. തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ ടീമിനെയും ക്യാപ്റ്റന്‍ ബാബര്‍ അസമിനെയും ക്രിക്കറ്റ് ബോര്‍ഡിനെയും രൂക്ഷമായി വിമര്‍ശിച്ച് ആരാധകരും ഷോയ്ബ് അക്തര്‍ അടക്കമുള്ള മുന്‍ താരങ്ങളും എത്തിയിരുന്നു.
ടീം സെലക്ഷനിലെ പോരായ്മകള്‍ അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ഇവര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും ക്യാപ്റ്റന്‍ ബാബറിനെയും ക്രൂശിച്ചത്.
എന്നാല്‍ സിംബാബ്‌വേയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. സിംബാബ്‌വേയെ ‘വെറും ക്ലബ്ബ് നിലവാരം മാത്രമുള്ള ടീം’ എന്ന് വിളിച്ചായിരുന്നു റമീസ് രാജ അപമാനിച്ചത്.
‘ഞാന്‍ അത്ഭുതപ്പെട്ടുപോയി. അവര്‍ വെറും ക്ലബ്ബ് നിലവാരമുള്ള ഒരു ടീമിന് മുമ്പില്‍ സാധാരണ രീതിയിലാണ് കളിച്ചത്. എനിക്കറിയില്ല ഞാന്‍ ആരോടാണ് എത്ര അളവിലാണ് എന്റെ ദേഷ്യം തീര്‍ക്കേണ്ടതെന്ന്. ഇത് നമ്മുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഇരുണ്ട നിമിഷങ്ങളിലൊന്നാണ്,’ എന്നായിരുന്നു റമീസ് രാജ പറഞ്ഞത്.
റമീസ് രാജയുടെ പ്രസ്താവനക്ക് പിന്നാലെ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്.
ഒക്ടോബര്‍ 27ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഷെവ്‌റോണ്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിറങ്ങിയ പാകിസ്ഥാന് 129 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ.
25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്ദര്‍ റാസയാണ് കളിയിലെ കേമന്‍.