ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് വിജയത്തോടെ ഗല്ലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ചരിത്രം സൃഷ്ടിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ഗല്ലെ സ്റ്റേഡിയത്തിലെ ഏറ്റവുമുയര്‍ന്ന സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സിന്റെ റെക്കോഡ് തകര്‍ത്താണ് പാകിസ്ഥാന്‍ സ്റ്റേഡിയത്തിന്റെ ചരിത്രത്തിന്റെ ഭാഗമായത്.
ഇതിന് മുമ്പ് 2019ലായിരുന്നു ഗല്ലെ സ്റ്റേഡിയത്തില്‍ ഏറ്റവുമുയര്‍ന്ന റണ്‍ ചെയ്‌സ് പിറന്നത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 268 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്ന ശ്രീലങ്കയായിരുന്നു ആദ്യം റെക്കോഡിട്ടത്.
പാകിസ്ഥാന്റെ ലങ്കന്‍ പര്യടനത്തിലായിരുന്നു ഗല്ലെയിലെ സൂപ്പര്‍ റെക്കോഡ് പിറന്നത്. ആദ്യ ടെസ്റ്റിലെ വിജയത്തിന് ശേഷം രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും പാകിസ്ഥാനായി. ഓപ്പണര്‍ അബ്ദുള്ള ഷെഫീഖായിരുന്നു പാകിസ്ഥാന്റെ വിജയശില്‍പി.
408 പന്തില്‍ നിന്നും ആറ് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 160 റണ്‍സാണ് താരം സ്വന്തമാക്കിയത്. രണ്ട് തവണ അദ്ദേഹത്തെ ഔട്ടാക്കാന്‍ ലഭിച്ച അവസരം പാഴാക്കിയതിന് ലങ്ക കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു.
സ്‌കോര്‍ നാലില്‍ നില്‍ക്കവെയായിരുന്നു അബ്ദുള്ളയ്‌ക്കെതിരെ ആദ്യ അപ്പീല്‍ വന്നത്. എല്‍.ബി.ഡബ്ല്യൂവിനുള്ള ലങ്കയുടെ അപ്പീല്‍ അമ്പയര്‍ നിഷേധിക്കുകയായിരുന്നു. ശേഷം 135ല്‍ നില്‍ക്കവെ ധനഞ്ജയ ഡി സില്‍വ അബ്ദുള്ളയെ കൈവിട്ട് കളയുകയും ചെയ്തതോടെ പാകിസ്ഥാന്‍ ക്യാമ്പില്‍ നിശ്വാസമുയര്‍ന്നു.
മൂന്നാം ദിനം അവസാനിക്കുന്നത് വരെ ലങ്ക വിജയിക്കും എന്ന് കരുതിയ മത്സരം മികച്ച ബാറ്റിങ് പോരാട്ടത്തിലൂടെ പാകിസ്ഥാന്‍ കൈക്കലാക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ 342 റണ്‍സ് ചെയ്സ് ചെയ്യാനിറങ്ങിയ പാകിസ്ഥാന്‍ നാല് വിക്കറ്റിന് വിജയിക്കുകയായിരുന്നു.
ആദ്യ ഇന്നിങ്സില്‍ നാല് റണ്‍സിന്റെ നേരിയ ലീഡുമായിട്ടായിരുന്നു ശ്രീലങ്ക രണ്ടാം ഇന്നിങ്സിനിറങ്ങിയത്. പിന്നീട് രണ്ടാം ഇന്നിങ്സില്‍ 337 റണ്‍സാണ് ശ്രീലങ്ക സ്വന്തമാക്കിയത്. 94 റണ്‍സുമായി പുറത്താകാതെ നിന്ന ദിനേശ് ചണ്ഡിമലാണ് ശ്രീലങ്കയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
ജൂലൈ 24നാണ് പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ മത്സരം. രണ്ടാം ടെസ്റ്റിലും വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ പാകിസ്ഥാന്‍ ഇറങ്ങുമ്പോള്‍ സീരീസ് സമനിലയിലാക്കാനാണ് ലങ്കയുടെ ശ്രമം.
ഗല്ലെയില്‍ വെച്ചുതന്നെയാണ് രണ്ടാം ടെസ്റ്റും അരങ്ങേറുന്നത്.
Content Highlight: Pakistan create history in Galle International Stadium, Sri Lanka