| Sunday, 21st January 2024, 1:17 pm

പാകിസ്ഥാന്റെ ടി-20 ചരിത്രത്തില്‍ ഇതാദ്യം; ന്യൂസിലാന്‍ഡിന്റെ മണ്ണില്‍ തോറ്റിട്ടും തല ഉയര്‍ത്തി പാകിസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍-ന്യൂസിലാന്‍ഡ് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ പാകിസ്ഥാന് വിജയം. 42 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ തകര്‍പ്പന്‍ ജയം.

അന്താരാഷ്ട മത്സരങ്ങളിലെ നീണ്ട എട്ട് മത്സരങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ വിജയിക്കുന്നത്. . ഷഹീന്‍ അഫ്രീദി പാകിസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ വിജയം കൂടിയായിരുന്നു ഇത്.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ന്യൂസിലാന്‍ഡ് 92 റണ്‍സിന് പുറത്താവുകയായിരുന്നു. ഈ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ തേടിയെത്തിയത്. അന്താരാഷ്ട്ര ടി-20യില്‍ ന്യൂസിലാന്‍ഡില്‍ ഒരു ടീം വിജയകരമായി പ്രതിരോധിക്കുന്ന ഏറ്റവും ചെറിയ സ്‌കോര്‍ ആണിത്. 134 റണ്‍സാണ് ന്യൂസിലാന്‍ഡില്‍ നടന്ന ടി-20 മത്സരത്തില്‍ ഡിഫെന്‍ഡ് ചെയ്യുന്ന ഏറ്റവും ചെറിയ ടോട്ടല്‍.

ഇതിന് മുമ്പ് ന്യൂസിലാന്‍ഡില്‍ ഡിഫന്‍ഡ് ചെയ്യപ്പെട്ട ഏറ്റവും ചെറിയ ടോട്ടല്‍ 2021ലായിരുന്നു. അന്ന് ഓസ്‌ട്രേലിയ നേടിയ 156 റണ്‍സായിരുന്നു ഡിഫന്‍ഡ് ചെയ്യുന്ന ഏറ്റവും കുറഞ്ഞ ടോട്ടല്‍.

ടി-20 ഫോര്‍മാറ്റില്‍ രണ്ടാം തവണയാണ് ന്യൂസിലാന്‍ഡ് 100ന് താഴെയുള്ള റണ്‍സിന് പുറത്താവുന്നത്. ഇതിനുമുമ്പ് 2010ല്‍ പാകിസ്ഥാനെതിരെ തന്നെയായിരുന്നു കിവീസ് പുറത്തായത്. അന്ന് 80 റണ്‍സിനായിരുന്നു ബ്ലാക്ക് ക്യാപ്‌സ് ഓള്‍ ഔട്ട് ആയത്.

ഹാഗ്ലി ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു 134 റണ്‍സ് പടുത്തുയര്‍ത്തിയത്. പാക് ബാറ്റിങ് നിരയില്‍ മുഹമ്മദ് റിസ്വാന്‍ 38 പന്തില്‍ 38 റണ്‍സും ഫഖര്‍ സമാന്‍ 16 പന്തില്‍ 33 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

കിവീസ് ബൗളിങ്ങില്‍ ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ പാകിസ്ഥാന്‍ 134 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 17.2 ഓവറില്‍ 92 റണ്‍സിന് പുറത്താവുകയായിരുന്നു. പാക് ബൗളിങ് നിരയില്‍ ഇഫ്തിക്കര്‍ അഹമ്മദ് മൂന്ന് വിക്കറ്റും മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബ്ലാക്ക് ക്യാപ്സ് ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു.

ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയില്‍ ഗ്ലെന്‍ ഫിലിപ്‌സ്, ഫിന്‍ അലന്‍ എന്നിവര്‍ക്ക് മാത്രമാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.

അതേസമയം നേരത്തെതന്നെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാല് മത്സരങ്ങളും വിജയിച്ചു കൊണ്ട് കിവീസ് പരമ്പര സ്വന്തമാക്കിയിരുന്നു.

Content Highlight: Pakistan create a new record in T20.

We use cookies to give you the best possible experience. Learn more