ഇസ്‌ലാമാബാദ്: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇസ്‌ലാമാബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് നവാസ് ഷെരീഫ് സമര്‍പ്പിച്ച ഹരജിയില്‍ കഴമ്പില്ലെന്നും രാജ്യത്ത് ഏതൊരു പൗരനും കിട്ടാവുന്ന തരത്തിലുള്ള മികച്ച ചികിത്സ ഷെരീഫിന് കിട്ടുന്നുണ്ടെന്നും കോടതി പറഞ്ഞു.
ഹൃദയസംബന്ധമായ രോഗമുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഷെരീഫിനെ ഫെബ്രുവരി തുടക്കത്തില്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ജയില്‍വാസം നവാസ് ഷെരീഫിന്റെ ആരോഗ്യ സ്ഥിതിയെ ബാധിക്കുമെന്ന് തോന്നുന്നില്ലെന്ന് റിപ്പോര്‍ട്ട് പരിശോധിച്ച് ശേഷം കോടതി പറഞ്ഞു.
അതേസമയം വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പി.എം.എല്‍.(എന്‍) നേതാവും പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന ഖ്വാജ ആസിഫ് പറഞ്ഞു.
സൗദിയില്‍ സ്റ്റീല്‍ മില്‍ സ്വന്തമാക്കിയതിന് ചെലവാക്കിയ പണം എങ്ങനെ ലഭിച്ചുവെന്ന് ബോധിപ്പിക്കാത്തത് കൊണ്ട് പാക് സുപ്രീംകോടതി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയ നവാസ് ഷെരീഫ് ജയില്‍ ശിക്ഷ നേരിടുകയാണ്.
ശിക്ഷ വിധിച്ച സുപ്രീംകോടതി മൂന്നു തവണ പാക് പ്രധാനമന്ത്രിയായിട്ടുള്ള ഷെരീഫിനെ ആജീവനാന്തം രാഷ്ട്രീയത്തില്‍ നിന്ന് വിലക്കിയിരുന്നു.