| Sunday, 11th September 2022, 5:47 pm

പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുള്ള കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പാക് കോടതി; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ മകന്‍ സുലെമാന്‍ ഷെഹബാസുമായി ബന്ധമുള്ള വിവിധ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പാക് കോടതി.

പാകിസ്ഥാന്‍ സ്‌പെഷ്യല്‍ കോടതിയാണ്, ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുലെമാന്‍ ഷെരീഫുമായി ബന്ധമുള്ള വിവിധ കമ്പനികളുടെ 13 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ടതെന്നാണ് റിപ്പോര്‍ട്ട്.

പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (Federal Investigation Agency- എഫ്.ഐ.എ) പ്രത്യേക കോടതിയാണ് സെപ്റ്റംബര്‍ ഏഴിന് ഉത്തരവ് പുറപ്പെടുവിച്ചത്.

സുലെമാനുമായി ബന്ധപ്പെട്ട വിവിധ കമ്പനികളുടെ 13 ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ചതായും പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും മക്കളായ ഹംസ ഷെഹ്ബാസിനും (പഞ്ചാബ് മുന്‍ മുഖ്യമന്ത്രി), സുലെമാനുമെതിരെ 14 ബില്യണ്‍ രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന് നേരത്തെ എഫ്.ഐ.എ കേസെടുത്തിരുന്നു.

സുലെമാന്‍ നിലവില്‍ ഒളിവിലായതിനാലും കോടതിയില്‍ കീഴടങ്ങാത്തതിനാലും അദ്ദേഹത്തിന്റെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ക്ക് പുറമെ ഈ 13 ബാങ്ക് അക്കൗണ്ടുകളും അറ്റാച്ച് ചെയ്തിട്ടുണ്ടെന്ന് പ്രിസൈഡിങ് ജഡ്ജി ഇജാസ് ഹസ്സന്‍ അവാന്‍ ഉത്തരവില്‍ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ മറ്റ് രണ്ട് പ്രതികളുടെ ഉടമസ്ഥതയിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ അറ്റാച്ച് ചെയ്യുന്നത് സംബന്ധിച്ച് മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാത്തതിന് വിവിധ ബാങ്കുകളുടെ ഉദ്യോഗസ്ഥര്‍ക്ക് കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

ഈ വരുന്ന സെപ്റ്റംബര്‍ 17ന്, കേസില്‍ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും മകന്‍ ഹംസ ഷെഹബാസിന്റെയും ഹരജികളില്‍ പ്രോസിക്യൂഷന്റെ മറുപടിയുമായി എഫ്.ഐ.എ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകുന്ന സമയത്ത് ഹാജരാകാന്‍ ബാങ്ക് ഉദ്യോഗസ്ഥരോട് ജഡ്ജി നിര്‍ദേശിക്കുകയും ചെയ്തു.

2019 മുതല്‍ സുലൈമാന്‍ ഷെഹബാസ് ബ്രിട്ടനില്‍ ഒളിവിലാണ്. അവിടത്തെ തങ്ങളുടെ കുടുംബ ബിസിനസ് നോക്കുന്നത് സുലെമാനാണെന്നായിരുന്നു വിഷയത്തില്‍ ഷെഹ്ബാസ് ഷെരീഫ് പലപ്പോഴും പ്രതികരിച്ചിരുന്നത്.

തനിക്കെതിരെ ഒരു രൂപയുടെ അഴിമതി പോലും തെളിയിക്കാന്‍ എഫ്.ഐ.എക്ക് സാധിക്കില്ലെന്ന് ഷെഹബാസ് ഷെരീഫ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു.

Content Highlight: Pakistan court freezes bank accounts of companies related to PM Shehbaz Sharif’s son Suleman Shehbaz

We use cookies to give you the best possible experience. Learn more