| Monday, 17th January 2022, 11:22 am

'ദൈവനിന്ദാ കുറ്റം'; അഹ്മദിയ്യ മുസ്‌ലിം വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജാമ്യം നിഷേധിച്ച് പാകിസ്ഥാന്‍ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: ‘ദൈവനിന്ദാ കുറ്റം’ ആരോപിക്കപ്പെട്ട അഹ്മദിയ്യ മുസ്‌ലിം വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജാമ്യം നിഷേധിച്ച് പാകിസ്ഥാന്‍ കോടതി.

പാകിസ്ഥാനിലെ ന്യൂനപക്ഷമായ അഹ്മദിയ്യ മുസ്‌ലിം വിഭാഗത്തില്‍ പെട്ട മൂന്ന് പേര്‍ക്കാണ്
ലാഹോര്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ലാഹോറില്‍ നിന്നുള്ള മഹ്മൂദ് ഇഖ്ബാല്‍ ഹഷ്മി, ഷിരാസ് അഹ്മദ്, സഹീര്‍ അഹ്മദ് എന്നിവരുടെ ജാമ്യമാണ് നിഷേധിച്ചത്.

മതവിരുദ്ധമായ കണ്ടന്റുകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചു എന്ന പേരിലായിരുന്നു ഇവരെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എഫ്.ഐ.എ) സൈബര്‍ക്രൈം വിഭാഗം അറസ്റ്റ് ചെയ്തത്.

മതനിന്ദ പ്രചരിപ്പിക്കുന്ന കണ്ടന്റുകളുള്ള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ആരോപണവിധേയരായ മൂന്ന് പേര്‍ തന്നെ ചേര്‍ത്തു, എന്ന മുഹമ്മദ് ഇര്‍ഫാന്‍ എന്നയാളുടെ പരാതിയെത്തുടര്‍ന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

പാകിസ്ഥാന്‍ പീനല്‍ കോഡിലെയും (പി.പി.സി) പ്രിവന്‍ഷന്‍ ഓഫ് ഇലക്ട്രോണിക് ക്രൈം ആക്ട് (പി.ഇ.സി.എ) വിവിധ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്.

ആരോപണവിധേയര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്ന് പറഞ്ഞ കോടതി ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ കാദിയാനി അഥവാ അഹ്മദിയ്യ മുസ്‌ലിം വിശ്വാസം പ്രചരിപ്പിക്കാന്‍ ഇവര്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചെന്ന് തെളിയിക്കുന്നുണ്ടെന്നും നിരീക്ഷിച്ചു.

ലാഹോര്‍ ഹൈക്കോടതി ജസ്റ്റിസ് താരിഖ് സലീം ഷെയ്ഖിന്റെതായിരുന്നു നിരീക്ഷണം.

അഹ്മദിയ്യ മുസ്‌ലിം വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരായി, മതപരമായ ദുരുദ്ദേശത്തോടെയാണ് പരാതി ഉന്നയിച്ചതെന്നും കേസെടുത്തതെന്നും ആരോപണവിധേയരുടെ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അഡ്വക്കറ്റ് ഹിന ജിലാനി വാദിച്ചെങ്കിലും കോടതി ഇക്കാര്യം മുഖവിലക്കെടുത്തില്ല.

1974ല്‍ അഹ്മദിയ്യ മുസ്‌ലിം വിഭാഗത്തില്‍ പെട്ടവര്‍ മുസ്‌ലിങ്ങളല്ല എന്ന് പാകിസ്ഥാന്‍ പാര്‍ലമെന്റ് പ്രഖ്യാപിച്ചിരുന്നു. 10 വര്‍ഷത്തിന് ശേഷം സ്വയം മുസ്‌ലിങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ നിന്നും അഹ്മദിയ്യ മുസ്‌ലിം വിഭാഗത്തില്‍ പെട്ടവരെ നിരോധിക്കുകയും ചെയ്തിരുന്നു.

മതപ്രഭാഷണങ്ങള്‍ നടത്തുന്നതിനും മതതീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകുന്നതിനും പാകിസ്ഥാനില്‍ അഹ്മദിയ്യ മുസ്‌ലിങ്ങള്‍ക്ക് മേല്‍ നിരോധനമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Pakistan court denies bail to 3 Ahmadi community members arrested under blasphemy charges

We use cookies to give you the best possible experience. Learn more