ഇസ്ലാമാബാദ്: തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ പാകിസ്താന്‍ കോടതി മൂന്ന് മുതിര്‍ന്ന അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിന് അഭിഭാഷകനെ നിയമിക്കാന്‍ ഇന്ത്യയ്ക്ക് മറ്റൊരു അവസരം നല്‍കണമെന്ന് ചൂണ്ടിക്കാണിച്ച് പാകിസ്താന്‍ സര്‍ക്കാറിന്റെ ആവശ്യ പ്രകാരമാണ് നടപടി.
കുല്‍ഭൂഷണ്‍ ജാദവിന്റെ കേസിന്റെ വിചാരണ സെപ്റ്റംബര്‍ മൂന്ന് വരെ നീട്ടി വെച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. കുല്‍ഭൂഷണിന്റെ വധശിക്ഷയ്ക്കെതിരെ ഒരു അഭിഭാഷകനെ നിയമിക്കാന്‍ ഇന്ത്യക്ക് അവസരം നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇടപെടല്‍.
ചീഫ് ജസ്റ്റിസ് അഥര്‍ മിനല്ല, ജസ്റ്റിസ് മിയാങ്കുള്‍ ഹസ്സന്‍ ഔറംഗസേബ് എന്നിവരടങ്ങിയ ഇസ്ലാമാബാദ് ഹൈക്കോടതിയിലെ രണ്ട് അംഗ ബെഞ്ചാണ് തിങ്കളാഴ്ച ജാദവിനായി അഭിഭാഷകനെ നിയമിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ അഭിഭാഷകരെ നിയമിച്ചത്.
സുപ്രീം കോടതിയിലെ അഭിഭാഷകരായ ആബിദ് ഹസ്സന്‍ മാന്റോ, ഹമീദ് ഖാന്‍, മുന്‍ അറ്റോര്‍ണി ജനറലും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ മഖ്ദൂം അലി ഖാന്‍ എന്നിവരെയാണ് അമിക്കസ് ക്യൂറിമാരായി നിയമിച്ചത്.
റിട്ടേര്‍ഡ് ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ സൈനിക കോടതി 2017 ഏപ്രിലില്‍ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ചാരവൃത്തി, ഭീകരവാദം എന്നിവയാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
2016 മാര്‍ച്ച് മൂന്നിനാണ് ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്ന് ജാദവിനെ പാക്സേന അറസ്റ്റ് ചെയ്തത്. നാവിക സേനയില്‍ നിന്നും വിരമിച്ച കുല്‍ഭൂഷണ്‍ യാദവ് ഇറാനില്‍ ബിസിനസ് ആവശ്യത്തിന് പോയിടത്തു നിന്നും തട്ടിക്കൊണ്ടു പോവുകയായായിരുന്നെന്നാണ് ഇന്ത്യ പറയുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക