പാകിസ്ഥാനില്‍ ഖുര്‍ആനെ അവഹേളിച്ചെന്നാരോപിച്ചുണ്ടായ കലാപം; ബാധിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു
World News
പാകിസ്ഥാനില്‍ ഖുര്‍ആനെ അവഹേളിച്ചെന്നാരോപിച്ചുണ്ടായ കലാപം; ബാധിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st August 2023, 5:00 pm

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ഖുര്‍ആനെ അധിക്ഷേപിച്ചുവെന്നാരോപിച്ച് ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട ക്രിസ്ത്യാനികള്‍ക്ക് 2 മില്യണ്‍ രൂപ നല്‍കുമെന്ന് പ്രഖ്യാപനം. സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം പഞ്ചാബ് പ്രവിശ്യയിലെ ഉന്നത ഉദ്യോഗസ്ഥനായ മൊഹ്‌സിന്‍ നഖ്‌വിയാണ് പ്രഖ്യാപനം നടത്തിയത്. അക്രമികള്‍ നിരവധി വീടുകള്‍ തകര്‍ക്കുകയും 16 ഓളം പള്ളികള്‍ തീവെക്കുകയും ചെയ്തു. സംഭവത്തില്‍ റെയ്ഡ് തുടരുകയാണെന്നും 160 ആളുകള്‍ തടവിലുണ്ടെന്നും പൊലീസ് അറിയിച്ചു.

ബുധനാഴ്ചയായിരുന്നു കലാപം നടന്നത്. ഒരു ക്രിസ്ത്യാനിയും സുഹൃത്തും ഖുര്‍ആനെ അവഹേളിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു. പഞ്ചാബിലെ ജറന്‍വാലയിലായിരുന്നു സംഭവം.

കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനായി പുരോഹിതന്മാരുടെ സാന്നിധ്യത്തില്‍ ജറന്‍വാലയിലെ ആക്രമണത്തില്‍ കത്തിയ പള്ളിയില്‍ നഖ്‌വി മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തു. നൂറുകണക്കിന് ആളുകള്‍ വീട് തകര്‍ക്കപ്പെട്ടതിനാല്‍ പുറത്താണ് താമസിക്കുന്നത്.

‘അവര്‍ സുരക്ഷയെ കുറിച്ചോര്‍ത്ത് ആകുലരാണ്. ആക്രമണം നേരിട്ട് കണ്ട കുട്ടികള്‍ ട്രോമയിലാണ്’ പുരോഹിതനായ ഖാലിദ് മുക്താര്‍ പറഞ്ഞു. 26 പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ക്രിസ്ത്യാനിയും സുഹൃത്തും ഖുര്‍ആന്റെ പേജുകള്‍ കീറുകയും നിലത്തിടുകയും അതില്‍ മോശമായ പരാമര്‍ശങ്ങള്‍ എഴുതുകയും ചെയ്‌തെന്നാണ്  കലാപകാരികള്‍ ആരോപിക്കുന്നത്.

160 ആളുകളെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രതികളെന്ന് സംശയിക്കുന്ന 450 ഓളം ആളുകളെ പിടികൂടുന്നതിനായി റെയ്ഡുകള്‍ നടത്തിവരികയാണെന്നും  പ്രാദേശിക പൊലീസ് മേധാവി മന്‍സൂര്‍ സാദിഖ് പറഞ്ഞു. ആക്രമണത്തില്‍ സാമ്പത്തിക നഷ്ടം ഉണ്ടായ എല്ലാ ക്രിസ്ത്യാനികള്‍ക്കും അടുത്ത 48 മണിക്കൂറിനുള്ളില്‍ 2 മില്യണ്‍ രൂപ നല്‍കുമെന്ന് നഖ്‌വി അറിയിച്ചു. നശിപ്പിക്കപ്പെട്ട പള്ളികളെല്ലാം പുനര്‍നിര്‍മ്മിക്കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

എന്നാല്‍ നഖ്‌വിയും ഉദ്യോഗസ്ഥരും കേടുപാടുകള്‍ സംഭവിച്ച ഒരു പള്ളി മാത്രമാണ് സന്ദര്‍ശിച്ചതെന്നും ബാധിക്കപ്പെട്ടവരുടെ ആരുടെയും വീടുകളിലേക്ക് പോയിട്ടില്ലെന്നും മുക്താര്‍ പറഞ്ഞു. എല്ലാ പള്ളികളും പുനര്‍നിര്‍മ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: Pakistan compensation to chistians who lost homes in rioting over over quran desecration