| Thursday, 2nd December 2021, 11:34 pm

താലിബാന്‍ പിന്തുണച്ചേ മതിയാവൂ; അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് ടീമിന് പിന്തുണയുമായി പാകിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് ടീമിന് പിന്തുണയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ റമീസ് രാജ. വനിതാ താരങ്ങളെ വീണ്ടും കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ താലിബാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും റമീസ് അറിയിച്ചു.

അഫ്ഗാന്റെ അധികാരം താലിബാന്‍ പിടിച്ചടക്കിയതോടെ ക്രിക്കറ്റ് അടക്കമുള്ള എല്ലാ വനിതാ കായിക മത്സരങ്ങളും നിരോധിച്ചിരുന്നു. പല താരങ്ങളും താലിബാന്‍ ഭീകരതെ ഭയന്ന് അഫ്ഗാനില്‍ നിന്നും പലായനം ചെയ്യുകയായിരുന്നു.

ഐ.സി.സിയുടെ ചട്ടമനുസരിച്ച് ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഒരു വനിതാ ക്രിക്കറ്റ് ടീം ഉണ്ടായിരിക്കണം. എന്നാല്‍ അഫ്ഗാന്‍ ഇത് പാലിക്കാത്തത് കൊണ്ട് പുരുഷ ക്രിക്കറ്റ് ടീമും വിലക്കിന്റെ നിഴലിലാണ്.

അഫ്ഗാന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഗൗരവമായാണ് ഈ വിഷയത്തെ നോക്കിക്കാണുന്നത്.

‘മറ്റെല്ലാവരേയും പോലെ ഞങ്ങള്‍ അവര്‍ക്ക് സമയം നല്‍കുകയാണ്. വിഷമം നിറഞ്ഞ അവസ്ഥയിലൂടെയാണ് അവരിപ്പോള്‍ കടന്നു പോകുന്നത് എന്ന വസ്തുത അറിവുള്ളതാണ്. ഇപ്പോള്‍ ഇതിനുള്ള ഉത്തരം നല്‍കാന്‍ അവര്‍ക്ക് സാധിച്ചെന്ന് വരില്ല.

അഫ്ഗാന് മേല്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തും. ഐ.സി.സിയുമായി അവര്‍ ഈ വിഷയം എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്ന് തീരുമാനിക്കാന്‍ ആറ് മാസം സമയം നല്‍കിയിട്ടുണ്ട്,’ റമീസ് പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ കാര്യങ്ങള്‍ ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്നും കാത്തിരിക്കുക എന്നതാണ് ഐ.സി.സിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് പ്രതിഭകളെ വേദനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിനാല്‍ അവര്‍ക്കുള്ള എല്ലാ ധനസഹായവും തുടരുമെന്നും റമീസ് രാജ വ്യക്തമാക്കി. അവര്‍ ആ പണം എങ്ങനെ ചെലവഴിക്കുന്നതെന്ന് കൃത്യമായി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, താലിബാന്റെ വനിതാ താരങ്ങളോടുള്ള പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം അഫ്ഗാനുമായുള്ള പരമ്പര റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വ്യാപകമായ വിമര്‍ശനങ്ങളായിരുന്നു താലിബാന് ക്രിക്കറ്റ് ലോകത്ത് നിന്നും നേരിടേണ്ടി വന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Pakistan comes out in support of women’s cricket in Afghanistan, says Taliban will have to support players

We use cookies to give you the best possible experience. Learn more