|

ബാബറിനേയും മസൂദിനേയും ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കരുത്; പാക് ക്രിക്കറ്റ് ബോര്‍ഡിനോട് പരിശീലകര്‍!

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്തിടെ ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ സ്വന്തം മണ്ണില്‍ വമ്പന്‍ തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെയും രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെയും വിജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ഇതോടെ ഒട്ടനവധിപേര്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് പരിശീലകന്‍ ജെയ്‌സണ്‍ ഗില്ലസ്പി ബാബര്‍ അസമിനേയും ഷാന്‍ മസൂദിനേയും ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കരുതെന്ന് പി.സി.ബിയോട് (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്) പറഞ്ഞിരിക്കുകയാണ്. നിലവില്‍ പരിശീലകന്‍മാരായ ഗാരി കേഴ്സ്റ്റനും ഗില്ലസ്പിയും ഓസ്‌ട്രേലിയയിലാണ്.

2023 ഏകദിന ലോകകപ്പിന് ശേഷം പാകിസ്ഥാന്റെ ക്യാപ്റ്റന്‍സിയില്‍ നിന്ന് ബാബറിനെ നീക്കം ചെയ്തിരുന്നു. പിന്നീട് ഷഹീന്‍ ഷാ അഫ്രീദിയെ ബോര്‍ഡ് ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ തോല്‍വികള്‍ വഴങ്ങിയതോടെ അഫ്രീദിയെ മാറ്റി വൈറ്റ് ബോളിലേക്ക് ബാബറിനെ വീണ്ടും തെരഞ്ഞടുക്കുകയും റെഡ് ബോളിലേക്ക് മസൂദിനെയും ക്യാപ്റ്റനായി എത്തിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ മസൂദിനെ നിരീക്ഷണത്തിലാക്കിയേക്കും. ഇതോടെ പാകിസ്താന്‍ ക്രിക്കറ്റ് ബോഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി പരിശീലകര്‍ക്ക് ക്യാപ്റ്റന്‍സില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയതോടെയാണ് ഇരുവരും നിലപാടുമായി ഒരു ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പില്‍ സംസാരിച്ചത്.

‘കേഴ്സ്റ്റനും ഗില്ലസ്പിയും ഷാനിനെയും ബാബറിനേയും ജഡ്ജ് ചെയ്യുന്നില്ല, അവരെ നായകന്മാരാക്കി തുടരാനാണ് ആഗ്രഹിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റും അന്താരാഷ്ട്ര ക്രിക്കറ്റും തമ്മിലുള്ള വിടവ് നികത്താന്‍ ആഭ്യന്തര പരിശീലകര്‍, സെലക്ടര്‍മാര്‍, കേന്ദ്ര കരാറിലുള്ള ക്രിക്കറ്റ് താരങ്ങള്‍ എന്നിവരുടെ കാഴ്ചപ്പാടുകളെ കുറിച്ച് പഠിക്കുന്നതിനാണ് ഞങ്ങള്‍ ഒരു വര്‍ക്ക്‌ഷോപ്പ് നടത്തിയത്,’ പി.സി.ബി. ചെയര്‍മാന്‍ നഖ്‌വി പറഞ്ഞു.

Content Highlight: Pakistan Coaches Talking About Babar Azam And Shan Masood