| Monday, 30th October 2023, 6:22 pm

'നീ അപകടത്തിലാണ്'; ശ്രേയസിന് പാകിസ്ഥാന്‍ കോച്ചിന്റെ മുന്നറിയിപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തില്‍ ഇംഗ്ലണ്ട് 100 റണ്‍സിന്റെ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 229 റണ്‍സ് മറികടക്കാനാവാതെ 100 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ വിജയിച്ചിട്ടും ഇന്ത്യന്‍ താരത്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ ഹെഡ് കോച്ച് മിസ്ബാഉള്‍ ഹഖ്.

ഇംഗ്ലണ്ടിനോടുള്ള മത്സരത്തില്‍ ശ്രേയസ് അയ്യരുടെ ബാറ്റിങ്ങിനെകുറിച്ച് പറയുകയായിരുന്നു മിസ്ബാഉള്‍. പലപ്പോഴും അയ്യര്‍ കളിക്കാന്‍ ശ്രമിക്കുന്നത് ഷോര്‍ട്ട് ബോളുകള്‍ക്കനുയോജ്യമല്ലാത്ത പന്തുകളാണെന്ന് അദ്ദേഹം പറഞ്ഞു.

‘അവന്‍ എപ്പോഴും പ്രതീക്ഷിക്കുന്നത് ഷോര്‍ട്ട് ബോളുകളാണ്, ഇംഗ്ലണ്ട് അവനെതിരെ എറിഞ്ഞ ഷോര്‍ട്ട് ഓഫ് ലെങ്ത്ത് പന്തുകള്‍ പോലും അവന്‍ ഷോര്‍ട്ട് ആയിട്ടാണ് കളിച്ചത്. അവന്‍ കൂടുതല്‍ ചിന്തിക്കുന്നത് ഷോര്‍ട്ട് ബോളുകളെക്കുറിച്ചാണ്, അതുകൊണ്ടാണവന്‍ കുഴപ്പത്തിലാകുന്നത്,’ മിസ്ബാഉള്‍ പറഞ്ഞു.

ഷോര്‍ട്ട് ബോളുകള്‍ കളിക്കാന്‍ അനുയോജ്യമായ ഫ്രണ്ട് ഫൂട്ട് മൂവ്മെന്റും പൊസിഷനും അയ്യര്‍ വിശകലനം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇംഗ്ലണ്ടിനോടുള്ള മത്സരത്തില്‍ ക്രിസ് വോക്സിന്റെ പന്തില്‍ ഷോട്ട് ബോള്‍ പ്രതീക്ഷിച്ച് ഒരു പുള്‍ ഷോര്‍ട്ടിന് മുതിര്‍ന്ന് അയ്യരുടെ വിക്കറ്റ് നഷ്ടപ്പടുകയായിരുന്നു. 16 പന്തില്‍ നിന്നും വെറും നാല് റണ്‍സ് മാത്രമാണ് അയ്യര്‍ക്ക് നേടാന്‍ കഴിഞ്ഞത്.

കഴിഞ്ഞ മത്സരങ്ങളില്‍ ന്യൂസിലാന്‍ഡിനോട് 33 (29) റണ്‍സും ബംഗ്ലാദേശിനോട് 19 (25) റണ്‍സുമാണ് അയ്യര്‍ നേടിയത്. നിലവില്‍ പാകിസ്ഥാനോട് മാത്രമാണ് താരം അര്‍ധ സെഞ്ച്വറിനേടിയത്. ഇന്ത്യയുടെ നിലവിലെ ബാറ്റിങ് പൊസിഷനില്‍ ശ്രേയസിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുന്നില്ല എന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പകരം രാഹുലിനെ ആ പൊസിഷനില്‍ കൊണ്ടുവരുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന മത്സരത്തില്‍ ശ്രീലങ്കയോട് ഏറ്റുമുട്ടാനിരിക്കെയാണ് ശ്രേയസിന്റെ പ്രകടനത്തെക്കുറിച്ച് മിസ്ബാഉള്‍ വിലയിരുത്തിയത്.

നവംബര്‍ രണ്ടിന് വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ- ശ്രീലങ്ക മത്സരം നടക്കുന്നത്. തുടര്‍ച്ചയായ ഏഴാം വിജയം പ്രതീക്ഷിച്ചാണ് ഇന്ത്യ കളിക്കളത്തിലിറങ്ങുന്നത്.

Content Highlights: Pakistan Coach Misbah on Iyer’s struggle against short ball

Latest Stories

We use cookies to give you the best possible experience. Learn more