ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതിനും സ്ഥാനപതിയെ പുറത്താക്കിയതിനും പിറകെ വ്യോമമേഖലയും അടച്ച് പാക്കിസ്ഥാന്‍. അടുത്തമാസം അഞ്ചാം തീയതി വരെയാണ് പാക്കിസ്ഥാന്‍ വ്യോമമേഖല ഭാഗികമായി അടച്ചത്.
ബാലാക്കോട്ടില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിനു ശേഷം ഏറെനാള്‍ പാക് വ്യോമമേഖല അടച്ചിട്ടതിനു ശേഷം കഴിഞ്ഞമാസം മാത്രമാണു വീണ്ടും തുറന്നത്.
അതിനിടെ ചൈനയിലെ ഷാങ്ഹായിയില്‍ നടന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റൊരു വ്യോമപാത തെരഞ്ഞെടുത്തിരുന്നു. മോദിക്കു പോകാന്‍ വ്യോമമേഖല തുറന്നുതരണമെന്ന് ഇന്ത്യ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതു പാക്കിസ്ഥാന്‍ സമ്മതിച്ചെങ്കിലും മോദി ഷാങ്ഹായിലേക്കു പോയത് മറ്റൊരു പാതയില്‍ക്കൂടിയായിരുന്നു.
കശ്മീരിലെ ഇന്ത്യന്‍ നീക്കത്തിനു പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി അജയ് ബിസാരിയയെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. കൂടാതെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കുറയ്ക്കാനും ഇമ്രാന്‍ തീരുമാനിച്ചു.
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളെല്ലാം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി രംഗത്തെത്തിയിരുന്നു.
‘എന്തുകൊണ്ടാണ് ഇന്ത്യന്‍ അംബാസഡര്‍ ഇവിടെയുള്ളത്? എന്തുകൊണ്ടാണ് നമ്മള്‍ നയതന്ത്ര ബന്ധം വിച്ഛേദിക്കാത്തത്. ഇരു രാജ്യങ്ങളും തമ്മില്‍ യാതൊരു നയതന്ത്രവും നടക്കാത്തപ്പോള്‍ നമ്മുടെ അംബാസഡര്‍ എന്താണ് ഇന്ത്യയില്‍ ചെയ്യുന്നത്’ ഫവാദ് ചൗധരി ചോദിച്ചിരുന്നു.
ഇന്ത്യന്‍ ഹൈകമ്മീഷണര്‍ അജയ് ബിസാരിയ നല്ലൊരു വ്യക്തിയാണെന്നും എന്നാല്‍ അദ്ദേഹം ഫാസിസ്റ്റ് ഭരണ വ്യവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഫവാദ് പ്രതികരിച്ചു.
കശ്മീരിനെ മറ്റൊരു പലസ്തീനാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.