World News
പാകിസ്ഥാനില്‍ ട്രെന്റിംഗായി ഇന്ത്യാ നീഡ്‌സ് ഓക്‌സിജന്‍; ഇന്ത്യയെ സഹായിക്കണമെന്ന് ഇമ്രാന്‍ ഖാനോട് പാക് ജനത
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 23, 09:09 am
Friday, 23rd April 2021, 2:39 pm

ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്ക് ഓക്‌സിജന്‍ നല്‍കി സഹായിക്കണമെന്ന് പാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ ജനങ്ങള്‍. ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ പാക് ജനത രംഗത്തുവന്നത്.
#IndiaNeedsOxygen പാകിസ്ഥാന്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആണ്. ഈ പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കണമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പാക് ജനത ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളും കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുണ്ട്. ദല്‍ഹിയിലാണ് പ്രതിസന്ധി രൂക്ഷം.

കൊവിഡ് വ്യാപനത്തില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രികളുടെ പട്ടിക കഴിഞ്ഞദിവസം ദല്‍ഹി സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. ഓക്‌സിജന്‍ ഒട്ടും ഇല്ലാത്ത ആറുസ്വകാര്യ ആശുപത്രികളുടെയും ക്ഷാമം നേരിടുന്ന മറ്റു ആശുപത്രികളുടെയും പട്ടികയാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്ത് വിട്ടത്.

ദല്‍ഹിയുടെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പട്ടിക പുറത്ത് വിട്ടത്.

സരോജ് സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രി, ശാന്തി മുകുന്ദ് ആശുപത്രി, തിരത്ത് റാം ഷാ ആശുപത്രി, യു.കെ നഴ്‌സിംഗ് ഹോം, രാതി ആശുപത്രി, ശാന്തം ആശുപത്രി എന്നീ ആശുപത്രികളിലാണ് കരുതി വെച്ച ഓക്‌സിജനും തീര്‍ന്നതായി അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Pakistan citizens urge PM Imran Khan on Twitter to help India with oxygen amid crisis