പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ് കടുവകള്‍. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് കടുവകള്‍ സ്വന്തമാക്കിയത്. പാകിസ്ഥാന്റെ മണ്ണില്‍ ആദ്യമായാണ് ബംഗ്ലാദേശ് ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
പാകിസ്ഥാന്റെ വമ്പന്‍ തോല്‍വിയെ തുടര്‍ന്ന് മുന്‍ ക്യാപ്റ്റനും മികച്ച സ്പിന്നറുമായ ഷാഹിദ് അഫ്രീദി രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരു. ഇപ്പോള്‍ തങ്ങളെ തോല്‍വിയിലേക്ക് നയിച്ചത് ആദ്യ ഇന്നിങ്‌സില്‍ ഡിക്ലയര്‍ ചെയ്തതീരുമാനമാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് പാക് ക്യാപ്റ്റന്‍ ഷാന്‍ മഷൂദ്.
‘ഞങ്ങള്‍ ചിന്തിച്ചത് കാലാവസ്ഥയെ കുറിച്ചായിരുന്നു, പക്ഷേ ഇപ്പോള്‍ 50 – 100 റണ്‍സ് കൂടി ഞങ്ങള്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിയുമായിരുന്നു എന്നാണ് ചിന്തിക്കുന്നത്. അത് ഞങ്ങളെ സഹായിക്കുമായിരുന്നു. ഒരു ടീം നിലയില്‍ ഞങ്ങള്‍ മികവ് പുലര്‍ത്തിയില്ല. തെറ്റുകള്‍ വരുത്തി. ബംഗ്ലാദേശ് ആണ് അര്‍ഹരായ വിജയികള്‍,’ഷാന്‍ മഷൂദ് പറഞ്ഞു.
എന്നാല്‍ ബംഗ്ലാദേശിനെതിരായ പരാജയത്തില്‍ ക്യാപ്റ്റന്‍ റാവല്‍പിണ്ടിയിലെ പിച്ചിനെ കുറ്റപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. പരാജയത്തിന്റെ കാരണം ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിന്റെ വിക്കറ്റ് നേടാന്‍ സാധിക്കാത്തത് കൊണ്ടാണെന്ന് ക്യാപ്റ്റന്‍ പറഞ്ഞു.
‘സീമര്‍മാര്‍ തന്നെ മതിയായിരുന്നു. എന്നാല്‍ ബംഗ്ലാദേശിന്റെ ബാറ്റര്‍മാര്‍ മികച്ച രീതിയിലാണ് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയത്. മാത്രമല്ല മെഹദിക്കും മുഷ്ഫിഖറിനും ഞങ്ങള്‍ കുറച്ച് അവസരം നല്‍കി, അവരുടെ വിക്കറ്റ് നേടാന്‍ സാധിക്കുമായിരുന്നു,’ ക്യാപ്റ്റന്‍ പറഞ്ഞു.
ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ബംഗ്ലാദേശ് 565 റണ്‍സാണ് ഉയര്‍ത്തിയത്. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വമ്പന്‍ തിരിച്ചടിയാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ നല്‍കിയത്.