| Sunday, 6th August 2023, 5:50 pm

ഏഷ്യാ കപ്പിന് കുഞ്ഞിപ്പിള്ളേരേ പറഞ്ഞുവിടാന്‍ ഇന്ത്യയോട് ഞങ്ങള്‍ പറഞ്ഞോ; വിവാദത്തില്‍ പാക് നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

നേരത്തെ ശ്രീലങ്കയില്‍ നടന്ന എമേര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ ജേതാക്കളായിരുന്നു. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 128 റണ്‍സിനാണ് പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ഫൈനല്‍ മത്സരത്തിന് പിന്നാലെ ചില വിവാദങ്ങളും ഉയര്‍ന്ന് വന്നിരുന്നു. ഏമേര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യ മാത്രമാണ് അണ്‍ ക്യാപ്ഡ് താരങ്ങളെ അയച്ചതെന്നും പാകിസ്ഥാന്‍ അടക്കമുള്ള ടീമുകള്‍ ദേശീയ ടീമിനായി കളിച്ച താരങ്ങളെയാണ് ടൂര്‍ണമെന്റിന് അയച്ചത് എന്നുമായിരുന്നു വിമര്‍ശനമുയര്‍ന്നത്.

ബംഗ്ലാദേശ് എ ടീമില്‍ ദേശീയ ടീമിനായി മൂന്ന് ലോകകപ്പുകളില്‍ കളിച്ച സൗമ്യ സര്‍ക്കാറും അഫ്ഗാനിസ്ഥാന്‍ ടീമില്‍ 35 വയസുള്ള നൂര്‍ അലി സദ്രാനും എമേര്‍ജിങ് ഏഷ്യാ കപ്പിനായി ശ്രീലങ്കയിലേക്ക് വണ്ടി കയറിയിരുന്നു.

പാകിസ്ഥാന്‍ കപ്പടിച്ചത് തെറ്റായ മാര്‍ഗത്തിലൂടെയായിരുന്നുവെന്നും സീനിയര്‍ താരങ്ങളെയാണ് ടൂര്‍ണമെന്റിന് പറഞ്ഞയച്ചതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

ഇപ്പോള്‍ ഈ വിവാദങ്ങളോട് പ്രതികരിക്കുകയാണ് പാകിസ്ഥാന്‍ എ ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസ്. ചെറിയ കുട്ടികളെ അയക്കാന്‍ ഇന്ത്യയോട് ആരും പറഞ്ഞില്ലെന്നായിരുന്നു ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ പറഞ്ഞത്.

‘പാകിസ്ഥാന്‍ ടീം സീനിയര്‍ താരങ്ങളെയാണ് അയച്ചതെന്നും ഞങ്ങള്‍ കൊച്ചുകുട്ടികളെയാണ് എമേര്‍ജിങ് ഏഷ്യാ കപ്പിന് അയച്ചത് എന്നൊക്കെ പലരും പറയുന്നുണ്ട്. കൊച്ചുകുട്ടികളെ ടൂര്‍ണമെന്റിന് അയക്കാന്‍ ഞങ്ങള്‍ അവരോട് (ഇന്ത്യ) ആവശ്യപ്പെട്ടിട്ടില്ല.

ഞങ്ങള്‍ക്ക് ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിച്ച് പരിചയമുണ്ട് എന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ഞങ്ങള്‍ എത്ര ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിച്ചു എന്ന കാര്യം കൂടി പരിശോധിക്കേണ്ടേ? സിയാം (സിയാം അയ്യൂബ്) അഞ്ച് മത്സരമാണ് കളിച്ചത്. ഞാന്‍ ആറ് മത്സരവും.

അവര്‍ ഐ.പി.എല്ലില്‍ (ഇന്ത്യന്‍ താരങ്ങള്‍) 260ഓളം മത്സരങ്ങള്‍ കളിച്ചവരാണ്. അതെന്താ ചെറിയ ടൂര്‍ണമെന്റാണോ. കഴിഞ്ഞ 15 വര്‍ഷമായി നടക്കുന്ന ടൂര്‍ണമെന്റാണത്. ഞങ്ങള്‍ക്ക് എത്ര മത്സരം കളിച്ചുള്ള പരിചയമുണ്ട്, കൂടിപ്പോയാല്‍ 40-45 മത്സരങ്ങളായിരിക്കും,’ ഹാരിസ് പറഞ്ഞു.

ജൂലൈ 23നായിരുന്നു എമേര്‍ജിങ് ഏഷ്യാ കപ്പിലെ ഫൈനല്‍ മത്സരം അരങ്ങേറിയത്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ എ ടീമിനെ 128 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ കിരീടം നിലനിര്‍ത്തിയിരുന്നു.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 353 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 224 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ തയ്യബ് താഹിറിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് മികച്ച സ്‌കോറിലേക്ക് ഉയര്‍ന്നത്. 71 പന്തില്‍ 108 റണ്‍സ് നേടിയാണ് താഹിര്‍ പുറത്തായത്. താഹിറിന് പുറമെ സാഹിബ്സാദ ഫര്‍ഹാനും സിയാം അയ്യൂബും അര്‍ധ സെഞ്ച്വറി തികച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ടോപ് ഓര്‍ഡറിന്റെ കരുത്തില്‍ ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 51 പന്തില്‍ 61 റണ്‍സ് നേടിയ അഭിഷേക് ശര്‍മയും 41 പന്തില്‍ 39 റണ്‍സടിച്ച ക്യാപ്റ്റന്‍ യാഷ് ധുള്ളും 28 പന്തില്‍ 29 റണ്‍സ് നേടിയ സായ്സുദര്‍ശനുമാണ് പിടിച്ചുനിന്നത്.

ഒടുവില്‍ 40 ഓവറില്‍ 224ന് ഇന്ത്യ ഓള്‍ ഔട്ടാവുകയായിരുന്നു. സൂഫിയാന്‍ മഖീം മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മെഹ്റന്‍ മുംതാസ്, മുഹമ്മദ് വസീം ജൂനിയര്‍, അര്‍ഷാദ് ഇഖ്ബാല്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മുബാസില്‍ ഖാനാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

Content highlight: Pakistan captain Muhammad Haris in the Asia Cup seniority controversy

We use cookies to give you the best possible experience. Learn more