ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാൻ ത്രില്ലിങ് എൻകൗണ്ടറിൽ നാല് വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.
അവസാന പന്തുവരെ നീണ്ട മത്സരത്തിൽ ആർ. അശ്വിന്റെ സിംഗിളിലൂടെയാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.
അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസായിരുന്നു. 20ാം ഓവറിലെ ആദ്യ പന്തിൽ പാകിസ്ഥാൻ ഇന്ത്യയെ ഞെട്ടിച്ചിരുന്നു.
ഹർദിക് പാണ്ഡ്യയെ ബാബർ അസമിന്റെ കൈകളിലെത്തിച്ച് വിരാട്-ഹർദിക് കൂട്ടുകെട്ട് പൊളിച്ച് നവാസ് പാകിസ്ഥാന് പ്രതീക്ഷ നൽകി.
ശേഷം ക്രീസിലെത്തിയ ദിനേഷ് കാർത്തിക് നേരിട്ട ആദ്യ പന്തിൽ തന്നെ സിംഗിളെടുത്ത് കോഹ്ലിക്ക് സ്ട്രൈക്ക് കൈമാറി.
അടുത്ത പന്തിൽ ഡബിളോടി വിരാട് സ്ട്രൈക്ക് നിലനിർത്തി. ശേഷം പിറന്ന ഒരു വൈഡും അവസാന പന്തിൽ അശ്വിൻ സിംഗിളും നേടിയതോടെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
ഗോൾഡൻ ഡക്കായാണ് മത്സരത്തിൽ നിന്ന് പാക് ക്യാപ്റ്റൻ ബാബർ അസം പുറത്തായത്. പവർ പ്ലേയിൽ തന്നെ ബാബർ അസമിനെയും ഓപ്പണർ മുഹമ്മദ് റിസ്വാനെയും അര്ഷ്ദീപ് പുറത്താക്കിയിരുന്നു.
എന്നാൽ ഇതിനെ ഒരു തോൽവിയായി കാണേണ്ടതില്ലെന്നും ഇന്ത്യക്കെതിരെ ജയിക്കാൻ കഴിയാതിരുന്നത് ആരുടെയും പിഴവല്ലെന്നുമാണ് മത്സര ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങിയ ബാബർ അസം സഹതാരങ്ങളോട് പറഞ്ഞത്.
”ബ്രദേഴ്‌സ്, വളരെ മികച്ച മത്സരമായിരുന്നു ഇന്ത്യയുമായി നടന്നത്. എഫേർട്ട് എടുക്കണമെന്നത് നമ്മുടെ ദൗത്യമായിരുന്നു, നമ്മളത് വൃത്തിയായി ചെയ്തിട്ടുമുണ്ട്.
നമ്മൾ പരിശ്രമിച്ചു, തെറ്റുകൾ വരുത്തി, ഇനിയാ തെറ്റിൽ നിന്നാണ് നമ്മൽ പഠിക്കേണ്ടത്. നമ്മൾ വീണിട്ടില്ല.
ടൂർണമെന്റ് ഇപ്പോൾ തുടങ്ങിയതേ ഉള്ളൂ, ഇനിയുമൊരുപാട് മാച്ചുകൾ ബാക്കി കിടക്കുന്നുണ്ട്, അതോർത്താൽ മതി.
ഒറ്റ കാര്യമേ എനിക്ക് പറയാനുള്ളൂ, ഒരാളുടെ മാത്രം പിഴവ് പിഴവ് കൊണ്ടാണ് മത്സരം തോൽക്കേണ്ടി വന്നതെന്ന് പറയാനിടയുണ്ടാകരുത്,” ബാബർ അസം വ്യക്തമാക്കി.
ഒറ്റ ടീം ആയിട്ടാണ് നമ്മൾ മത്സരം ഫിനിഷ് ചെയ്യേണ്ടതെന്നും, ആരും ആർക്ക് നേരെയും വിരൽ ചൂണ്ടുന്ന സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച സിംബാബ്വേക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. അതേസമയം ഒക്ടോബർ 27ന് ഇന്ത്യ നെതർലാൻഡ്‌സുമായി ഏറ്റുമുട്ടും.
Content Highlights: Pakistan Captain gives relief to his team after the match against India