| Thursday, 7th September 2023, 12:58 pm

എന്തിനും റെഡി; ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പേ ബാബര്‍ അസം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചുകൊണ്ട് സൂപ്പര്‍ ഫോറില്‍ എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍. സെപ്റ്റംബര്‍ പത്തിന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം.

സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

ഏഷ്യാ കപ്പിലെ ഇനിയുള്ള വലിയ മത്സരങ്ങള്‍ കളിക്കാന്‍ ഞങ്ങള്‍ എപ്പോഴും തയ്യാറാണെന്ന് പറഞ്ഞിരിക്കുകയാണ് പാക് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം. ഇന്ത്യയുമായുള്ള മത്സരത്തിന് തങ്ങള്‍ക്ക് സമ്മര്‍ദങ്ങള്‍ ഇല്ലെന്നും ബംഗ്ലാദേശിനെതിരായ വിജയം ടീമിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയെന്നും ബാബര്‍ പറഞ്ഞു.

‘ഞങ്ങള്‍ എല്ലായ്‌പ്പോഴും ഒരു വലിയ മത്സരത്തിന് തയ്യാറാണ്. അടുത്ത മത്സരത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ നൂറ് ശതമാനവും നല്‍കും’ ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ബാബര്‍ അസം.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചുകൊണ്ട് ഉജ്ജ്വല വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 193 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാന്‍ ഈ സ്‌കോര്‍ അനായാസം പിന്തുടരുകയായിരുന്നു.

ബംഗ്ലാദേശ് ബാറ്റിങ് നിരയില്‍ 87 പന്തില്‍ 67 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീമും 57 പന്തില്‍ 53 റണ്‍സ് നേടിയ ഷകിബ് അല്‍ ഹസനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 84 പന്തില്‍ 78 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖിന്റെയും 79 പന്തില്‍ 63 റണ്‍സ് നേടിയ മുഹമ്മദ് റിസ് വാന്റെയും മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 39.3 ഓവറില്‍ മറികടക്കുകയായിരുന്നു.

പാക് ബൗളിങ് നിരയില്‍ ഹാരിഫ് റൗഫ് നാല് വിക്കറ്റുകളും നസീം ഷാ മൂന്ന് വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.

ഈ വിജയം ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുന്ന പാക് ടീമിന് കൂടുതല്‍ കരുത്ത് പകരും. ആദ്യ മത്സരം മഴമൂലം നഷ്ടമായത് ആരാധകരില്‍ നിരാശ സൃഷ്ടിച്ചെങ്കിലും സൂപ്പര്‍ ഫോറില്‍ വീണ്ടും ഇരു ടീമും ഏറ്റുമുട്ടുമ്പോള്‍ മത്സരം തീപാറും എന്ന് ഉറപ്പാണ്.

Content Highlight: Pakistan captain Babar Azam said that we are always ready to play the next matches in the Asia Cup.

We use cookies to give you the best possible experience. Learn more