ഇമ്രാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയെന്ന് കിംവദന്തി; ഇസ്‌ലാമാബാദില്‍ സുരക്ഷ ശക്തമാക്കി
World News
ഇമ്രാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയെന്ന് കിംവദന്തി; ഇസ്‌ലാമാബാദില്‍ സുരക്ഷ ശക്തമാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th June 2022, 11:52 am

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വധിക്കാന്‍ പദ്ധതി നടക്കുന്നതായി കിംവദന്തി പ്രചരിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കി.

സെക്യൂരിറ്റി ഏജന്‍സികള്‍ ഇത് സംബന്ധിച്ച് ഹൈ അലര്‍ട്ട് നല്‍കിയതായി ഇസ്‌ലാമാബാദ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദിലുള്ള ഒരു റസിഡന്‍ഷ്യല്‍ ഏരിയയായ ബനി ഗാലയിലാണ് ഇമ്രാന്‍ ഖാന്റെ റാലി നടക്കാനിരിക്കുന്നത്. അവിടെ വെച്ച് ഇമ്രാനെ വധിക്കുമെന്ന കിംവദന്തികളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

”പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്‍ ബനി ഗാല സന്ദര്‍ശിക്കാനിരിക്കുന്ന സാഹചര്യത്തില്‍, പ്രദേശത്തെ സെക്യൂരിറ്റി വര്‍ധിപ്പിക്കുകയും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ തിരിച്ച് പോകുന്നത് സംബന്ധിച്ച് ഇമ്രാന്‍ ഖാന്റെ ടീമില്‍ നിന്നും ഇതുവരെ സ്ഥിരീകരിക്കാവുന്ന വാര്‍ത്തകളൊന്നും ലഭിച്ചിട്ടില്ല,” ഇസ്‌ലാമാബാദ് പൊലീസ് ട്വീറ്റ് ചെയ്തു.

ഇസ്‌ലാമാബാദില്‍ ഇതിനോടകം തന്നെ 144 പ്രഖ്യാപിച്ചിട്ടുണ്ടെന്നും കൂട്ടംചേരലുകള്‍ പ്രദേശത്ത് നിരോധിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, ഇമ്രാന്‍ ഖാന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ പ്രത്യാഘാതം അതിരൂക്ഷമായിരിക്കുമെന്ന് ഇമ്രാന്റെ അനന്തരവന്‍ ഹസാന്‍ ന്യാസി പ്രതികരിച്ചു.

”ഞങ്ങളുടെ നേതാവ് ഇമ്രാന്‍ ഖാന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍, അതിന് പാകിസ്ഥാന് മേലുള്ള ആക്രമണമായി കണക്കാക്കപ്പെടും. അതിന്റെ മറുപടിയും അക്രമോത്സുകമായിരിക്കും,” എന്നാണ് ഹസാന്‍ ന്യാസി പറഞ്ഞത്.

Content Highlight: Pakistan capital Islamabad On High Alert after former PM Imran Khan’s Assassination Plot Rumours