| Sunday, 21st July 2024, 2:58 pm

ഇസ്രഈൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനൊരുങ്ങി പാകിസ്ഥാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഇസ്രഈൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച് പാകിസ്ഥാൻ. ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഭീകരവാദിയായി കണക്കാക്കുകയും ഫലസ്തീനികൾക്കെതിരായ യുദ്ധക്കുറ്റങ്ങൾക്ക് അദ്ദേഹത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പാകിസ്ഥാൻ സർക്കാർ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതിന്‌ പിന്നാലെയാണ് ഈ നീക്കം.

ഇസ്‌ലാമാബാദിന് സമീപമുള്ള റാവൽപിണ്ടിയിൽ ഇസ്രഈൽ ഉത്പന്നങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടി.എൽ.പി) റാലി നടത്തിയിരുന്നു.

സർക്കാരും പാർട്ടിയും തമ്മിൽ ധാരണയായതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ടാണ് റാലി അവസാനിച്ചത്. പ്രധാനമന്ത്രി ഷെഹബാസ്‌ ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ഭരണകൂടം ചർച്ചകൾ ആരംഭിച്ചു.

ഇസ്രഈലിന്റെ സൈനിക പ്രവർത്തനങ്ങൾക്ക് നേരിട്ടോ അല്ലാതെയോ സംഭാവന നൽകുന്ന കമ്പനികളെക്കുറിച്ച് സമിതി അന്വേഷിക്കുമെന്ന് പ്രധാനമന്ത്രിയുടെ  ഉപദേഷ്ടാവ് റാണ സനാവുള്ള പറഞ്ഞു.ഇസ്രഈലിനെ നേരിട്ടോ അല്ലാതെയോ സഹായിക്കുന്ന കമ്പനികളെ കണ്ടെത്തുന്നതിന് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും സനാവുള്ള പറഞ്ഞു.

‘ഞങ്ങൾ ഇസ്രഈലിനെ മാത്രമല്ല, അതുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ കമ്പനികളെയും ബഹിഷ്കരിക്കും. ഈ ക്രൂരതയുമായി ബന്ധപ്പെട്ട ആരുമായും സഹകരിക്കില്ല,’ സനാവുള്ള പറഞ്ഞു

പരിക്കേറ്റ ഫലസ്തീനികളെ ചികിത്സയ്ക്കായി പാകിസ്ഥാനിലേക്ക് കൊണ്ടുവരാനും തങ്ങളുടെ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ ഫലസ്തീനികൾക്കുള്ള വിദ്യാഭ്യാസവും മെഡിക്കൽ സൗകര്യങ്ങളും നൽകുന്നതിനായി ഞങ്ങളുടെ സ്കൂളുകളും ആശുപത്രികളും തുറന്നിരിക്കുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Content Highlight: Pakistan calls Netanyahu ‘terrorist’, to ban products from firms backing Israel

We use cookies to give you the best possible experience. Learn more