ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനം നടന്നുകൊണ്ടിരിക്കുകയാണ്. ടി-20 ലോകകപ്പിന് മുമ്പായി മാക്‌സിമം ടി-20 മത്സരങ്ങള്‍ കളിച്ച് മികച്ച ഫോമിലേക്കുയരാനാണ് ഇരു ടീമുകളും ശ്രമിക്കുന്നത്.
ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന് പരിക്കേറ്റതിന് പിന്നാലെ മോയിന്‍ അലിയാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ശേഷം തിരിച്ചുവരവിനായാണ് പാകിസ്ഥാന്‍ കറാച്ചി സ്റ്റേഡിയത്തിലേക്കിറങ്ങിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 199 റണ്‍സാണ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ മോയിന്‍ അലിയും ബെന്‍ ഡക്കറ്റും ഹാരി ബ്രൂക്കുമാണ് സന്ദര്‍ഡശകര്‍ക്കായി ആഞ്ഞടിച്ചത്.
മോയിന്‍ അലി പുറത്താവാതെ 55 റണ്‍സ് നേടിയപ്പോള്‍ ഡക്കറ്റ് 22 പന്തില്‍ നിന്നും 43ഉം ബ്രൂക്ക് 19 പന്തില്‍ നിന്നും 31 റണ്‍സും നേടി.
പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ്, ഷഹനവാസ് ദഹാനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് നവാസ് ഒരു വിക്കറ്റും സ്വന്തമാക്കി.
200 റണ്‍സ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ തുടക്കത്തിലേ ആഞ്ഞടിച്ചു. ഓപ്പണര്‍മാരായ ബാബര്‍ അസവും മുഹമ്മദ് റിസ്വാനും ആഞ്ഞടിച്ചപ്പോള്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ കളി മറന്നു.
ഒടുവില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ പാകിസ്ഥാന്‍ ലക്ഷ്യം കണ്ടു. നായകന്‍ ബാബര്‍ അസം 66 പന്തില്‍ നിന്നും 110 റണ്‍സടിച്ചപ്പോള്‍ റിസ്വാന്‍ 51 പന്തില്‍ നിന്നും 88 റണ്‍സും സ്വന്തമാക്കി.
ഇതോടെ ഒരു അപൂര്‍വ റെക്കോഡാണ് പാകിസ്ഥാനെ തേടി എത്തിയിരിക്കുന്നത്. ടി-20 ഫോര്‍മാറ്റില്‍ വിക്കറ്റ് നഷ്ടപ്പെടാതെയുള്ള ഏറ്റവും വലിയ റണ്‍ ചെയ്‌സിന്റെ റെക്കോഡാണ് പാകിസ്ഥാന്‍ ഇതോടെ തങ്ങളുടെ പേരിലാക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 200+ റണ്‍ ചെയ്‌സില്‍ വിജയം സ്വന്തമാക്കുന്ന ആദ്യ ടീമാണ് പാകിസ്ഥാന്‍.
വിക്കറ്റ് നഷ്ടപ്പെടാതെ ഏറ്റവും വലിയ റണ്‍ ചെയ്‌സിന്റെ റെക്കോഡ് ഐ.പി.എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പേരിലായിരുന്നു. 2017ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ നേടിയ 184 റണ്‍സായിരുന്നു ഇതിന് മുമ്പുള്ള റെക്കോഡ് ചെയ്‌സിങ്.
കഴിഞ്ഞ ദിവസത്തെ വിജയത്തിന് പിന്നാലെ പരമ്പരയില്‍ 1-1ന് ഒപ്പമെത്താനും പാകിസ്ഥാനായി. വെള്ളിയാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം. കറാച്ചി തന്നെയാണ് വേദി.
Content Highlight: Pakistan broke Kolkata Knight Riders record