ന്യൂദല്‍ഹി: തമിഴ്‌നാട്ടിലെ ചെന്നൈയില്‍ വെച്ച് നടക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ നിന്നും പാകിസ്ഥാന്‍ പിന്മാറി. വ്യാഴാഴ്ചയായിരുന്നു പാകിസ്ഥാന്റെ പിന്മാറ്റം.
ഒളിമ്പ്യാഡിന്റെ ഭാഗമായുള്ള ടോര്‍ച് റിലേ പരിപാടി ജമ്മു കശ്മീരിലൂടെ കടന്നുപോകുന്നതിനെ ചൊല്ലിയായിരുന്നു പാകിസ്ഥാന്റെ പിന്മാറ്റം. എന്നാല്‍ പാകിസ്ഥാന്റെ നീക്കം കായിക മത്സരത്തെ രാഷ്ട്രീയവല്‍കരിക്കാനുള്ള ശ്രമമാണെന്ന് ഇന്ത്യ ആരോപിച്ചു.
പാകിസ്ഥാന്‍ പിന്മാറ്റം ‘തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നും ഇത്രയും അഭിമാനകരമായ ഒരു അന്താരാഷ്ട്ര കായിക മത്സരത്തെ പാകിസ്ഥാന്‍ രാഷ്ട്രീയവല്‍കരിച്ചിരിക്കുകയാണെ’ന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു.
”ഫിഡെ ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കേണ്ടെന്ന് പാകിസ്ഥാന്‍ പെട്ടെന്ന് തീരുമാനമെടുത്തത് ആശ്ചര്യകരമാണ്, പ്രത്യേകിച്ച് അവരുടെ ടീം ഇന്ത്യയിലെത്തിയതിന് ശേഷം.
ഇത്തരം പ്രസ്താവനകള്‍ നടത്തുകയും തങ്ങളുടെ പങ്കാളിത്തം പിന്‍വലിക്കുകയും ചെയ്തതിലൂടെ അഭിമാനകരമായ ഒരു അന്താരാഷ്ട്ര കായിക പരിപാടിയെ പാകിസ്ഥാന്‍ രാഷ്ട്രീയവല്‍ക്കരിച്ചത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്,” ബാഗ്ചി പറഞ്ഞു.
ജമ്മു ആന്‍ഡ് കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭാഗമാണെന്നും അത് എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമായിരുന്നു ചെസ് ഒളിമ്പ്യാഡ് ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ച് പാകിസ്ഥാന്‍ പ്രസ്താവന പുറത്തുവിട്ടത്. പാക് ടീം മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തിയതിന് ശേഷമായിരുന്നു പ്രഖ്യാപനം.
”കായികരംഗത്ത് രാഷ്ട്രീയം കലര്‍ത്താനുള്ള ഇന്ത്യയുടെ നികൃഷ്ടമായ ശ്രമത്തെ പാകിസ്ഥാന്‍ അപലപിച്ചു. പ്രതിഷേധ സൂചകമായി, 44ാമത് ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കേണ്ടെന്ന് പാകിസ്ഥാന്‍ തീരുമാനിച്ചിരിക്കുന്നു. കൂടാതെ വിഷയം അന്താരാഷ്ട്ര ചെസ് ഫെഡറേഷന് മുന്നില്‍ ഉന്നയിക്കുകയും ചെയ്യും,” പ്രസ്താവനയില്‍ പറയുന്നു.
ജൂലൈ 28നാരംഭിച്ച 44ാമത് ലോക ചെസ് ഒളിമ്പ്യാഡ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്ഘാടനം ചെയ്തത്. 187 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ഒളിമ്പ്യാഡില്‍ മത്സരിക്കും. ഓഗസ്റ്റ് പത്തിനാണ് സമാപനം.