ട്വന്റി ട്വന്റി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ബൗളര്‍ ഉമ്രാന്‍ മാലിക് ഇടംപിടിക്കാതിരുന്നതില്‍ ആശ്വാസം പ്രകടിപ്പിച്ച് പാകിസ്ഥാന്റെ ബൗളിങ് ലെജന്‍ഡ് വഖാര്‍ യൂനിസ്.
ഉമ്രാന്‍ മാലിക് ഉണ്ടായിരുന്നെങ്കില്‍ അത് പാകിസ്ഥാന്‍ ടീമിന് ഭീഷണിയാകുമായിരുന്നെന്നും ഉമ്രാന്‍ ഒരു ‘റിയല്‍ ടാലന്റാ’ണെന്നുമാണ് എ സ്‌പോര്‍ട്‌സിന് നല്‍കിയ പ്രതികരണത്തില്‍ വഖാര്‍ യൂനിസ് പറഞ്ഞത്.
”അവന്‍ ടീമില്‍ ഇല്ലെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം പാകിസ്ഥാന്റെ മാച്ച് ഇനി വരാനിരിക്കുന്നതേയുള്ളൂ. അവന്‍ ഒരു യഥാര്‍ത്ഥ പ്രതിഭയാണ്. ഏഷ്യാ കപ്പിലും ഞങ്ങള്‍ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു,” പാക് ഇതിഹാസം പറഞ്ഞു.
ഉമ്രാന്‍ മാലിക്കിന്റെ ബൗളിങ് ആക്ഷന്‍ പലപ്പോഴും വഖാര്‍ യൂനിസിന്റേതുമായാണ് കായികപ്രേമികള്‍ താരതമ്യം ചെയ്യാറുള്ളത്.
ഇക്കഴിഞ്ഞ സമ്മറിലായിരുന്നു ഉമ്രാന്‍ മാലിക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അയര്‍ലന്‍ഡില്‍ രണ്ട് മത്സരങ്ങളും ഇംഗ്ലണ്ടില്‍ ഒരു മത്സരവും കളിച്ച ഉമ്രാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. പക്ഷെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ താരത്തിന് ഇടംപിടിക്കാനായിരുന്നില്ല.
എന്നാല്‍ തുടര്‍ന്നുള്ള ഇന്ത്യയുടെ പരമ്പരകളില്‍ ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തണമായിരുന്നെന്നും അങ്ങനെ ഇന്ത്യയുടെ ബൗളിങ് താരങ്ങള്‍ക്കൊപ്പം പരിശീലിക്കാന്‍ അവസരം ലഭിക്കുന്നത് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതിനേക്കാള്‍ അദ്ദേഹത്തിന് പഠിക്കാന്‍ അവസരം നല്‍കുമായിരുന്നെന്നാണ് തോന്നുന്നതെന്നും വഖാര്‍ അഭിപ്രായപ്പെട്ടു.
”ടീമിന്റെ വികസനം വികസനം എന്ന് പറഞ്ഞ് നടക്കുമ്പോള്‍ അപ്പുറത്തത് ബൗളര്‍മാരെ നശിപ്പിക്കുകയാണ്. ഒന്നോര്‍ക്കണം. നിങ്ങള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളേഴ്‌സിനെ എടുത്ത് നോക്കുകയാണെങ്കില്‍, അവരെല്ലാം വളരെ ചെറുപ്പത്തിലേ തന്നെ ആഴത്തിലേക്ക് എറിയപ്പെട്ട് നീന്തല്‍ പഠിച്ചവരാണ്,” പാക് താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം ടി-20 ലോകകപ്പില്‍ ഒക്ടോബര്‍ 23നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്.
Content Highlight: Pakistan bowling legend Waqar Younis’ comment on Indian bowler Umran Malik