അല്ലേലും അങ്ങനാ...എന്നും അടികൊണ്ട് പൊട്ടിനാറിയിരിക്കുമ്പോ നിങ്ങളെ കാണാന്‍ ഇവര്‍ എന്നെ പറഞ്ഞുവിടും; മാധ്യമങ്ങളോട് പാക് ബൗളിങ് കോച്ച്
Sports
അല്ലേലും അങ്ങനാ...എന്നും അടികൊണ്ട് പൊട്ടിനാറിയിരിക്കുമ്പോ നിങ്ങളെ കാണാന്‍ ഇവര്‍ എന്നെ പറഞ്ഞുവിടും; മാധ്യമങ്ങളോട് പാക് ബൗളിങ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd October 2022, 11:21 am

ഇംഗ്ലണ്ട് – പാകിസ്ഥാന്‍ ടി20 പരമ്പരയിലെ കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനേറ്റ പരാജയം ടീമിനെ എത്ര ആഴത്തില്‍ ബാധിച്ചിരിക്കുന്നുവെന്ന് കാണിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനം.

വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളെ കാണാനെത്തിയത് ബൗളിങ് കോച്ചായ ഷോണ്‍ ടെയ്റ്റായിരുന്നു. ആ മുന്‍ ഓസ്‌ട്രേലിയന്‍ കളിക്കാരന്റെ മുഖത്തും വാക്കുകളിലുമെല്ലാം നിറഞ്ഞുനിന്നത് പരാജയഭാരമായിരുന്നു.

താന്‍ കോച്ചിങ്ങ് കൊടുത്ത കളിക്കാര്‍ വേണ്ടുവോളം ‘ഉപ്പ്’ തിന്നതും വെള്ളം കുടിച്ചതും കണ്ട് അദ്ദേഹം നിരാശനായിരുന്നു എന്ന് വ്യക്തമായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് അദ്ദേഹം പറഞ്ഞ ഒരു വാചകമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പാകിസ്ഥാന്‍ ബൗളര്‍മാര്‍ മോശം പ്രകടനം കാഴ്ച വെക്കുമ്പോഴെല്ലാം തന്നെയാണ് മാധ്യമങ്ങളെ കാണാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞുവിടുകയെന്നായിരുന്നു ഷോണ്‍ ടെയ്റ്റി നിരാശയോടെ പറഞ്ഞത്.

‘അല്ലെങ്കിലും അങ്ങനെയാ, എന്നൊക്കെ ഞങ്ങളെ എതിരാളികള്‍ അടിച്ചുതകര്‍ത്തിട്ടുണ്ടോ അന്നൊക്കെ എന്നെയായിരിക്കും ഇവര്‍ നിങ്ങളെ കാണാന്‍ പറഞ്ഞുവിടുക,’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍

ഇത് കണ്ടും കേട്ടും നിന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മോഡറേറ്ററെത്തി ‘ആര്‍ യു ഓകെ’ എന്ന് ഷോണിനോട് ചോദിക്കുന്നുണ്ടായിരുന്നു. പിന്നീടാണ് വാര്‍ത്താസമ്മേളനനം നടന്നത്.

ഇംഗ്ലണ്ട് – പാകിസ്ഥാന്‍ ടി-20 പരമ്പരയിലെ ആറാം മത്സരം പാകിസ്ഥാനും നായകന്‍ ബാബര്‍ അസവും ഒരിക്കല്‍പ്പോലും മറക്കില്ല. ടി-20യില്‍ പാകിസ്ഥാനെതിരെ ഒരു ടീം നടത്തുന്ന ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പാകിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയത്തിലായിരുന്നു ഇംഗ്ലണ്ട് തങ്ങളുടെ അഴിഞ്ഞാട്ടം നടത്തിയത്. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഫില്‍ സോള്‍ട്ടും.

ടോസ് നേടിയ ഇംഗ്ലണ്ട് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ പ്രകടനം പാകിസ്ഥാനെ തരക്കേടില്ലാത്ത ടോട്ടലിലെത്തിച്ചു.

59 പന്തില്‍ നിന്നും ഏഴ് ഫോറും മൂന്ന് സിക്സറുമടക്കം പുറത്താകാതെ 87 റണ്‍സായിരുന്നു പാക് നായകന്റെ സമ്പാദ്യം. എന്നാല്‍ ബാബറിന് പുറമെ മുന്‍നിരയില്‍ മറ്റാര്‍ക്കും കാര്യമായി തിളങ്ങാനായില്ല.

മുഹമ്മദ് ഹാരിസ് ഏഴിനും ഷാന്‍ മസൂദ് പൂജ്യത്തിനും ഹൈദര്‍ അലി 18നും പുറത്തായി. ഇഫ്തിഖര്‍ അഹമ്മദാണ് പാക് നിരയില്‍ പിടിച്ചുനിന്നത്. 21 പന്തില്‍ നിന്നും 31 റണ്‍സാണ് ഇഫ്തിഖര്‍ സ്വന്തമാക്കിയത്.

അവസാനം നിശ്ചിത ഓവര്‍ പിന്നിട്ടപ്പോള്‍ ആറ് വിക്കറ്റിന് 169 റണ്‍സാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഓവറില്‍ തന്നെ വരാനിരിക്കുന്ന സംഭവവികാസങ്ങളുടെ ട്രെയ്ലര്‍ പാക് നായകന് നല്‍കിയിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഫില്‍ സോള്‍ട്ടാണ് പാകിസ്ഥാനെ കടന്നാക്രമിച്ചത്.

41 പന്തില്‍ നിന്നും 88 റണ്‍സുമായി സോള്‍ട്ട് പുറത്താവാതെ നിന്നു. 13 ഫോറും മൂന്ന് സിക്സറുമടക്കം 214.63 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്. ഇതിന് പിന്നാലെ പാക് ടീമിനെയും ബാബര്‍ അസമിനെയും ലക്ഷ്യം വെച്ചുകൊണ്ട് ‘ഉപ്പ്’ ട്രോളുകള്‍ ഇറങ്ങിയിരുന്നു.

സോള്‍ട്ടിന് പുറമെ ആലക്സ് ഹേല്‍സ്, ഡേവിഡ് മലന്‍, ബെന്‍ ഡക്കെറ്റ് എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. യഥാക്രമം 27, 26, 26 എന്നതായിരുന്നു ഇവരുടെ സ്‌കോര്‍.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം 15 ഓവര്‍ തികയും മുമ്പ് തന്നെ ഇംഗ്ലണ്ട് മറികടന്നു. 14.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിക്കൊണ്ടാണ് ഇംഗ്ലണ്ട് ലക്ഷ്യം കണ്ടത്.

ആറാം മത്സരത്തിലെ വിജയത്തിന് പിന്നാലെ പരമ്പര 3-3ലെത്തിക്കാനും ഇംഗ്ലണ്ടിനായി. ഞായറാഴ്ച നടക്കുന്ന സീരീസ് ഡിസൈഡറിലും ഇതേ പ്രകടനം കാഴ്ചവെച്ച് പാക് മണ്ണില്‍ നിന്നും പരമ്പരയായി മടങ്ങാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്.

Content Highlight: Pakistan Bowling Coach says Pak Cricket Board always send him to media after they are beaten up badly