സമൂഹമാധ്യമങ്ങളെ വിലക്കി പാകിസ്ഥാന്‍; നടപടി ആഭ്യന്തര കലാപം രൂക്ഷമായ പശ്ചാത്തലത്തില്‍
World
സമൂഹമാധ്യമങ്ങളെ വിലക്കി പാകിസ്ഥാന്‍; നടപടി ആഭ്യന്തര കലാപം രൂക്ഷമായ പശ്ചാത്തലത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th April 2021, 1:06 pm

കറാച്ചി: ആഭ്യന്തരകലാപം രൂക്ഷമായതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളെ വിലക്കി പാകിസ്ഥാന്‍. വാട്‌സാപ്പ്, യുട്യൂബ്, ട്വിറ്റര്‍, ടെലഗ്രാം, ഫെയ്‌സ്ബുക്ക് സേവനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് രാവിലെ 11 മുതലാണ് വിലക്ക് നിലവില്‍ വന്നത്. സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭമാണ് പാക്കിസ്ഥാനില്‍ നടക്കുന്നത്.

രാജ്യത്ത് ക്രമസമാധാനനില നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളേയും താത്കാലികമായി വിലക്കി കൊണ്ടാണ് ഉത്തരവ് ഇറക്കിയത്. നിലവില്‍ പാകിസ്ഥാനില്‍ ആഭ്യന്തര കലാപം രൂക്ഷമാണ്. ഇത് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാഗസിനെതിരെ പാകിസ്ഥാനില്‍ പ്രക്ഷോഭം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം പ്രക്ഷോഭം നടത്തിയ സംഘത്തിന്റെ നേതാവായ സാദ് റിസ്വിയെ പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.

തിങ്കളാഴ്ചയോടെയാണ് പ്രക്ഷോഭം ശക്തമായതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടരെയുള്ള കലാപത്തില്‍, സാരമായി പരിക്കേറ്റ ഒരു പൊലീസുകാരനും പ്രക്ഷോഭം നടത്തിയ സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടിരുന്നു.

പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന സാദ് റിസ്വിയെ വിട്ടുകിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സമരാനുകൂലികള്‍ പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം ഉള്‍പ്പെടെയുള്ളവ പ്രയോഗിച്ചിരുന്നു.

പ്രവാചക നിന്ദ നടത്തിയെന്നാരോപിക്കപ്പെടുന്ന ഫ്രഞ്ച് കാര്‍ട്ടൂണിനെതിരെ പാകിസ്ഥാനില്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാനില്‍ താമസമാക്കിയ ഫ്രഞ്ച് പൗരന്‍മാരോടും കമ്പനികളോടും ഉടന്‍ രാജ്യം വിടണമെന്ന നിര്‍ദ്ദേശവുമായി ഫ്രാന്‍സ് നയതന്ത്ര കാര്യാലയം കഴിഞ്ഞ ദിവസം രംഗത്തെത്തയിരുന്നു. പൗരന്‍മാരോട് താല്‍ക്കാലികമായി പാകിസ്ഥാനില്‍ നിന്ന് മാറി നില്‍ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തീവ്ര ഇസ്ലാമിസ്റ്റ് വിഭാഗങ്ങളില്‍ നിന്നുള്ള ഭീഷണി സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ പാകിസ്ഥാനില്‍ താമസമാക്കിയ എല്ലാ പൗരന്‍മാരോടും തല്‍ക്കാലം രാജ്യം വിടാന്‍ വ്യാഴാഴ്ച തന്നെ നിര്‍ദ്ദേശം നല്‍കിയതായി ഫ്രഞ്ച് എംബസി അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Pakistan blocks major social media sites including Facebook and Twitter