ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മുള്‍ട്ടാനില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 366 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. നിലവില്‍ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് മത്സരത്തിന്റെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് നേടിയത്.
ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 47 റണ്‍സിനും വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ പാകിസ്ഥാന്‍ രണ്ടാം ടെസ്റ്റില്‍ വമ്പന്‍ തിരിച്ചുവരവാണ് കാഴ്ചവെച്ചത്. മോശം പ്രകടനത്തിന്റെ പേരില്‍ ബാബര്‍ അസമിനേയും ഷഹീന്‍ അഫ്രീദിയേയും നസീം ഷായേയും പുറത്തിരുത്തിയ പാകിസ്ഥാന്‍ ടീമിനെ അടിമുടി മാറ്റിയെടുക്കുകയായിരുന്നു. സാജിദ് ഖാന്‍, നൊമാന്‍ അലി, സാഹിദ് മഹ്‌മൂദ് എന്നിവരെയാണ് ടീമില്‍ പുതുതായി ഉള്‍പ്പെടുത്തിയത്.
സ്പിന്‍ ബൗളിങ്ങിന് കരുത്ത് നല്‍കിയപ്പോള്‍ പുതുമുഖം സാജിദ് ഖാന്‍ വമ്പന്‍ പ്രകടനമാണ് പാകിസ്ഥാന് വേണ്ടി കാഴ്ചവെച്ചത്. രണ്ടാം ദിനം അവസാനിച്ചപ്പോള്‍ സാജിദ് നാല് വിക്കറ്റുകളാണ് ടീമിന് വേണ്ടി നേടിയത്. നൊമാന്‍ അലി രണ്ട് നിര്‍ണായക വിക്കറ്റും നേടി ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി.
ഓപ്പണര്‍ സാക്ക് ക്രോളിയെ 27 റണ്‍സിനും ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സിനെ ഒരു റണ്‍സിനും നൊമാന്‍ അലി പുറത്താക്കി. എന്നാല്‍ അമ്പരപ്പിച്ചത് സാജിദായിരുന്നു. ആദ്യ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി തങ്ങളെ വിറപ്പിച്ച ഹാരി ബ്രൂക്കിനെ വെറും ഒമ്പത് റണ്‍സിനും ഡബിള്‍ സെഞ്ച്വറി നേടിയ ജോ റൂട്ടിനേയും ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് സാജിദ് വരവറിയിച്ചത്.
ബ്രൂക്ക് ഒമ്പത് റണ്‍സും റൂട്ട് 34 റണ്‍സും നേടിയാണ് കൂടാരം കയറിയത്. മാത്രമല്ല 16 ഫോര്‍ ഉള്‍പ്പെടെ 114 റണ്‍സ് നേടിയ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെയും സാജിദ് കൂടാരം കയറ്റി. ശേഷം 29 റണ്‍സ് നേടിയ ഒല്ലി പോപ്പിനേയും ക്ലീന്‍ ബൗള്‍ ചെയ്ത് മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി ക്രീസില്‍ തുടരുന്നത് ജാമി സ്മിത്തും (12)* ബ്രൈഡന്‍ കാര്‍സിയുമാണ് (2)*.
Content Highlight: Pakistan Big Come Back Against England In Second Test Match