പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം കൂടിയായ റമീസ് രാജ.
ഇംഗ്ലണ്ടിനെതിരായ പാകിസ്ഥാന്റെ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ പരാജയമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലപ്പത്തു നിന്നുള്ള റമീസ് രാജയുടെ പടിയിറക്കത്തിന് കാരണമായത്.
ബോർഡിൽ നിന്നും പുറത്താക്കപ്പെട്ടതോടെ പല വിഷയങ്ങളിലും അഭിപ്രായ പ്രകടനവുമായി റമീസ് രംഗത്ത് വന്നിരുന്നു.
അടുത്തിടെ പാകിസ്ഥാനെതിരായ മത്സരത്തിലെ വിരാട് കോഹ് ലിയുടെ പ്രകടന മികവിനെ പ്രശംസിച്ച് റമീസ് രാജ മുന്നോട്ട് വന്നത് ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
എന്നാലിപ്പോൾ താൻ ബോർഡ് ചെയർമാനായിരുന്ന കാലത്ത് പാകിസ്ഥാൻ ക്രിക്കറ്റ് ടീം വലിയ പുരോഗതി കൈവരിച്ചു എന്നാണ് റമീസ് രാജ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഒപ്പം പാകിസ്ഥാന്റെ ഈ വളർച്ച ഇന്ത്യക്ക് അധികം ഇഷ്ടപ്പെട്ടിട്ടില്ലെന്നും, പാകിസ്ഥാൻ ക്രിക്കറ്റിന്റെ വളർച്ചയിൽ അസൂയയുള്ളതുകൊണ്ടാണ് ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയെ മൊത്തത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് മാറ്റിയതെന്നും റമീസ് രാജ അഭിപ്രായപ്പെട്ടു.
പാകിസ്ഥാൻ മുന്നേറുമ്പോൾ ഇന്ത്യ പിന്നാക്കം പോകുന്നത് അവർക്ക് സഹിക്കാൻ കഴിയുന്നതിനുമപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.
“പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുന്നേറ്റം ഇന്ത്യക്ക് അംഗീകരിക്കാൻ സാധിക്കുന്നതായിരുന്നില്ല.അതിന്റെ ഫലമായി അവർ ടീമിൽ വലിയ അഴിച്ചുപണികൾ നടത്തി.
ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ച വെച്ചു. ഏഷ്യ കപ്പ് ഫൈനൽ കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. എന്നാൽ ഇന്ത്യക്ക് അതിനായില്ല. പാകിസ്ഥാന്റെ മുന്നേറ്റത്തിൽ ഭയന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ചീഫ് സെലക്ടറെയും സെലക്ഷൻ കമ്മിറ്റിയേയും മാറ്റി,’ റമീസ് രാജ പറഞ്ഞു.
കൂടാതെ തന്നെ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ ലോകകപ്പ് ഫൈനലിൽ എത്തിയ ഫ്രാൻസ് ടീമിന്റെ മുഴുവൻ ബോർഡ് അംഗങ്ങളെയും മാറ്റിയതിനെ താരതമ്യം ചെയ്തു കൊണ്ടാ ണ് റമീസ് രാജ മറുപടി പറഞ്ഞത്.