| Monday, 26th August 2024, 9:14 am

ഇന്ത്യക്ക് ശേഷം തെറ്റായ തീരുമാനത്തില്‍ നാണംകെട്ട് തോറ്റ് പാകിസ്ഥാനും; 48 വര്‍ഷത്തില്‍ ഇതാദ്യം

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയരെ പത്ത് വിക്കറ്റിന് തോല്‍പിച്ച് ബംഗ്ലാദേശ്. റാവല്‍പിണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലാണ് ബംഗ്ലാ കടുവകള്‍ ചരിത്രവിജയമെഴുതിയത്.

ആദ്യ ഇന്നിങ്‌സ് ലീഡ് നേടുകയും രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെ മറികടന്നുമാണ് ബംഗ്ലാദേശ് ആദ്യ മത്സരം വിജയിച്ചുകയറിയത്.

സ്‌കോര്‍

പാകിസ്ഥാന്‍: 448/6d & 146
ബംഗ്ലാദേശ്: 565 &30/0 (T:30)

ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിന്റെ ബാറ്റിങ് നിരയെ കുറച്ചുകണ്ടതാണ് പാകിസ്ഥാന് വിനയായത്. മുഹമ്മദ് റിസ്വാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി മികച്ച രീതിയില്‍ ബാറ്റ് ചെയ്യവെ പാകിസ്ഥാന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ബാറ്റിങ്ങിന് അനുകൂലമായ ഹൈവേ പോലുള്ള പിച്ചില്‍ തങ്ങള്‍ക്ക് ലഭിച്ച അതേ അഡ്വാന്റേജ് ബംഗ്ലാദേശിന് ലഭിക്കുമെന്ന് മറന്നുപോയതുകൊണ്ടോ തങ്ങളുടെ ബൗളര്‍മാരില്‍ ഉണ്ടായ ആത്മവിശ്വാസം കൊണ്ടോ പാകിസ്ഥാന്‍ നായകന്‍ കൈക്കൊണ്ട ആ തീരുമാനം ടീമിന് തിരിച്ചടിയായി.

ഇതാദ്യമായല്ല ഒരു ടീം ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് പത്ത് വിക്കറ്റിന് പരാജയപ്പെടുന്നത്. 48 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയും ഇതേ രീതിയില്‍ പരാജയമേറ്റുവാങ്ങിയിട്ടുണ്ട്. 1976ലെ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ നാലാം മത്സരത്തിലാണ് ഇന്ത്യക്ക് തോല്‍വിയേറ്റുവാങ്ങേണ്ടി വന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി അന്‍ഷുമാന്‍ ഗെയ്ക്വാദും സുനില്‍ ഗവാസ്‌കറും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ 136 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 66 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌കറിനെ പുറത്താക്കി മൈക്കല്‍ ഹോള്‍ഡിങ്ങാണ് ഗവാസ്‌കറിനെ പുറത്താക്കിയത്.

പിന്നാലെയെത്തിയ മോഹീന്ദര്‍ അമര്‍നാഥിനെ കൂട്ടുപിടിച്ച് ഗെയ്ക്വാദ് സ്‌കോര്‍ 200 കടത്തി. ടീം സ്‌കോര്‍ 205ല്‍ നില്‍ക്കവെ ബെര്‍ണാര്‍ഡ് ജൂലിയന്റെ കൈകളിലെത്തിച്ച് ഹോള്‍ഡിങ് വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു. ഗുണ്ടപ്പ വിശ്വനാഥ് ഇരട്ടയക്കം കാണാതെ പുറത്തായപ്പോള്‍ ഗെയ്ക്വാദ് റിട്ടയര്‍ഡ് ഹര്‍ട്ടായി പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയായി.

ടീം സ്‌കോര്‍ ആറ് വിക്കറ്റിന് 306ല്‍ നില്‍ക്കവെ 39 റണ്‍സടിച്ച ദിലീപ് വെങ്‌സര്‍ക്കാറും ഒമ്പത് റണ്‍സ് നേടിയ ശ്രീനിവാസ് വെങ്കട്ടരാഘവനും ഒന്നിന് പിന്നാലെ ഒന്നായി പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ബിഷന്‍ സിങ് ബേദി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

നാല് വിക്കറ്റ് പിഴുതെറിഞ്ഞ ‘ദി വിസ്പറിങ് ഡെത്ത്’ മൈക്കല്‍ ഹോള്‍ഡിങ്ങാണ് ഇന്ത്യക്ക് മേല്‍ നാശം വിതച്ചത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് റോയ് ഫ്രെഡ്രിക്‌സ്, സര്‍ വിവ് റിച്ചാര്‍ഡ്‌സ്, മൈക്കല്‍ ഹോള്‍ഡിങ് എന്നിവരുടെ കരുത്തില്‍ 391 റണ്‍സ് നേടി. 82 റണ്‍സ് നേടിയ ഫ്രെഡ്രിക്‌സാണ് ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

ഫൈഫര്‍ പൂര്‍ത്തിയാക്കിയ ഭഗവത് ചന്ദ്രശേഖറാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞത്.

85 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. 97 റണ്‍സിന് ടീം ഓള്‍ ഔട്ടായി. 60 റണ്‍സ് നേടിയ മോഹിന്ദര്‍ അമര്‍നാഥാണ് ഇന്ത്യയെ ഇന്നിങ്‌സ് തോല്‍വിയില്‍ നിന്നും കരകയറ്റിയത്. അഞ്ച് ഇന്ത്യന്‍ താരങ്ങളുടെ ആബ്‌സന്റ് ഹര്‍ട്ട് എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതാണ് ഇന്ത്യയെ ചെറിയ സകോറില്‍ തളച്ചിട്ടത്.

രണ്ടാം ഇന്നിങ്‌സിലും ഹോള്‍ഡിങ് തീയായി. മൂന്ന് വിക്കറ്റാണ് താരം നേടിയത്.

ഒടുവില്‍ 13 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം രണ്ട് ഓവറിനകം തന്നെ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിന്‍ഡീസ് മറികടന്നു.

സ്‌കോര്‍

ഇന്ത്യ: 306/6d & 97

വെസ്റ്റ് ഇന്‍ഡീസ്: 13/0 (T:13)

എന്നാല്‍ ഇതിലും പരിതാപകരമായ അവസ്ഥയില്‍ പരാജയപ്പെട്ട രണ്ട് ടീമുകള്‍ കൂടിയുണ്ട്. ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും മത്സരത്തില്‍ ഇന്നിങ്‌സ് തോല്‍വിയേറ്റുവാങ്ങേണ്ടി വരികയും ചെയ്തവരാണ് അവര്‍.

2013ല്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയും 2016ല്‍ ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാനുമാണ് ഇത്തരത്തില്‍ പരാജയപ്പെട്ടത്.

ഇന്ത്യ vs ഓസ്‌ട്രേലിയ: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2013 രണ്ടാം ടെസ്റ്റ്
(മാര്‍ച്ച് 2-6, രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം ഹൈദരാബാദ്)

സ്‌കോര്‍

ഓസ്‌ട്രേലിയ: 237/9d & 131/10
ഇന്ത്യ 503/10

ഇന്ത്യക്ക് ഇന്നിങ്‌സിന്റെയും 135 റണ്‍സിന്റെയും വിജയം.

പാകിസ്ഥാന്‍ vs ഓസ്‌ട്രേലിയ: ബോക്‌സിങ് ഡേ ടെസ്റ്റ് 2016
(ഡിസംബര്‍ 26-30, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്)

സ്‌കോര്‍

പാകിസ്ഥാന്‍: 443/9d & 163
ഓസ്‌ട്രേലിയ: 624/8

ഓസ്‌ട്രേലിയക്ക് ഇന്നിങ്‌സിന്റെയും 18 റണ്‍സിന്റെ വിജയം.

Content Highlight: Pakistan becomes the 2nd team with 10 wicket defeat after declaring in 1st innings

We use cookies to give you the best possible experience. Learn more