സൗത്ത് ആഫ്രിക്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ പാകിസ്ഥാന് തകര്‍പ്പന്‍ ജയം. മഴ രസംകൊല്ലിയായി എത്തിയ മത്സരത്തില്‍ ഡി.എല്‍.എസ് മെത്തേഡിലാണ് പാക് പടയുടെ വിജയം. 36 റണ്‍സിനാണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിന് പാകിസ്ഥാന്‍ സ്വന്തമാക്കി.
മഴ കാരണം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സയിം അയൂബിന്റെ സെഞ്ച്വറിക്കരുത്തില്‍ 308 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടലാണ് പാകിസ്ഥാന്‍ പ്രോട്ടിയാസിന് നല്‍കിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 42 ഓവറില്‍ 271 റണ്‍സിന് പുറത്തായി. ഇതോടെ ഒരു ചരിത്രനേട്ടവും പാകിസ്ഥാന്‍ തങ്ങളുടെ പേരിലാക്കി.
സൗത്ത് ആഫ്രിക്കയില്‍ ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്യുന്ന ആദ്യ ടീമെന്ന നേട്ടമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ആദ്യ മത്സരം തൊട്ട് പ്രോട്ടിയാസിന് മേല്‍ സമ്പൂര്‍ണ ആധിപത്യമായിരുന്നു പാകിസ്ഥാന്‍ പുലര്‍ത്തിയത്. ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 81 റണ്‍സിനുമായിരുന്നു പാകിസ്ഥാന്റെ വിജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ അബ്ദുള്ള ഷഫീഖിനെ ടീമിന് നഷ്ടമായി. റബാദയുടെ പന്തില്‍ മര്‍ക്രത്തിന് ക്യാച്ച് നല്‍കിയാണ് ഷഫീഖ് മടങ്ങിയത്. പിന്നീട് ബാബര്‍ അസമും സയിം അയൂബും ചേര്‍ന്ന് ടീമിനെ കരകയറ്റുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. ഇരവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ബാബറിന്റെ അര്‍ധസെഞ്ച്വറിയും അയൂബിന്റെ സെഞ്ച്വറിയുമാണ് ടീമിന് വലിയ ടോട്ടല്‍ സമ്മാനിച്ചത്. എന്നാല്‍ അവസാന ഓവറുകളില്‍ പ്രോട്ടിയാസ് ബൗളര്‍മാര്‍ പാകിസ്ഥാനെ വെള്ളം കുടിപ്പിച്ചു. അഞ്ച് റണ്‍സ് നേടുന്നതിനിടെ നാല് വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് മോശമല്ലാത്ത തുടക്കമായിരുന്നു ലഭിച്ചത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ പാക് ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിയതോടെ പ്രോട്ടിയാസ് പ്രതിസന്ധിയിലായി. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഹെന്റിച്ച് ക്ലാസന്‍ മാത്രമാണ് സൗത്ത് ആഫിക്കക്കായി പൊരുതിയത്. 43 പന്തില്‍ 83 റണ്‍സാണ് താരം നേടിയത്. 40 റണ്‍സ് നേടിയ കോര്‍ബില്‍ ബോഷാണ് രണ്ടാമത്തെ മികച്ച റണ്‍ ഗെറ്റര്‍.
നാല് വിക്കറ്റ് നേടിയ സുഫിയാന്‍ മുഖീമാണ് പാക് നിരയില്‍ തിളങ്ങിയത്. എട്ട് ഓവര്‍ പന്തെറിഞ്ഞ താരം ഒരു മെയ്ഡനടക്കം 52 റണ്‍സ് വിട്ടുകൊടുത്താണ് നാല് വിക്കറ്റ നേടിയത്. ഷഹീന്‍ അഫ്രീദിയും നസീം ഷായും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് അസ്‌നെയ്‌നും സയിം അയൂബും ഓരോ വിക്കറ്റ് വീതം നേടി. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ഇനി സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ പാകിസ്ഥാന് ഉള്ളത്.
Content Highlight: Pakistan become the first team to White wash South Africa in South Africa