നോട്ടിങ്ഹാം: വെസ്റ്റ് ഇന്‍ഡീസിനെതിരേ തകര്‍ന്നടിഞ്ഞ പാകിസ്താനെയായിരുന്നില്ല ഇന്ന് ട്രെന്റ് ബ്രിഡ്ജില്‍ കണ്ടത്. ഈ ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ ഇന്നുവരെ പാകിസ്താന്റെ പേരിലായിരുന്നെങ്കില്‍ ഇന്നുമുതല്‍ അങ്ങോട്ട് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ അവരുടെ പേരിലായിരിക്കും.
ആവേശകരമായ മത്സരത്തില്‍ 14 റണ്‍സിനായിരുന്നു ആതിഥേയരായ ഇംഗ്ലണ്ടിനെ അവര്‍ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഒറ്റമത്സരം പോലും ജയിക്കാതെ മടങ്ങേണ്ടിവന്നതിന്റെ മധുരപ്രതികാരം കൂടിയായി അവര്‍ക്കിത്.
സ്‌കോര്‍: പാകിസ്താന്‍ 50 ഓവറില്‍ എട്ട് വിക്കറ്റിന് 348 റണ്‍സ്. ഇംഗ്ലണ്ട് 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 334. ഇംഗ്ലണ്ട് നിരയില്‍ രണ്ട് ബാറ്റ്‌സ്മാന്മാര്‍ സെഞ്ചുറികള്‍ നേടിയെങ്കിലും പാകിസ്താന്റെ കൂറ്റന്‍ റണ്‍മല കയറാന്‍ അതു പര്യാപ്തമായിരുന്നില്ല. ഈ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് പിറന്ന മത്സരം കൂടിയായിരുന്നു ഇത്. 682 റണ്‍സാണ് 100 ഓവറില്‍ പിറന്നത്.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ആദ്യമത്സരത്തില്‍ വിന്‍ഡീസിനെതിരേ തകര്‍ന്നടിഞ്ഞ പാകിസ്താനെയാവും ഓര്‍മയുണ്ടായിരുന്നിരിക്കുക. എന്നാല്‍ ഓപ്പണിങ് വിക്കറ്റ് മുതല്‍ കൃത്യമായ കൂട്ടുകെട്ടുകളുണ്ടാക്കിയ ടീം ഈ ലോകകപ്പിലെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍ സ്വന്തമാക്കുകയായിരുന്നു. പാകിസ്താന്റെ നാല് ബാറ്റ്‌സ്മാന്മാരാണ് അര്‍ധസെഞ്ചുറികള്‍ പിന്നിട്ടത്.
മുഹമ്മദ് ഹഫീസ് (62 പന്തില്‍ 84), ബാബര്‍ അസം (63), ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് (55) എന്നിവരാണ് പാകിസ്താനുവേണ്ടി അര്‍ധസെഞ്ചുറികള്‍ നേടിയത്. ഹഫീസാണ് മാന്‍ ഓഫ് ദ മാച്ച്.
എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കമായിരുന്നു ഹഫീസിന്റെ ഇന്നിങ്‌സ്. പാകിസ്താന്റെ ഏഴ് ബാറ്റ്‌സ്മാന്മാര്‍ക്കാണു നൂറിലധികം സ്‌ട്രൈക്ക് റേറ്റുണ്ടായിരുന്നത്.
ക്രിസ് വോക്ക്‌സ്, മോയിന്‍ അലി എന്നിവര്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റ് നേടി.
അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം പാളി. ഓപ്പണര്‍ ജേസണ്‍ റോയിയെ തുടക്കത്തിലേ നഷ്ടമായ അവര്‍ക്ക് പിന്നീട് ജോ റൂട്ടിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണു തുണയായത്. എന്നാല്‍ ഒരറ്റത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണുകൊണ്ടിരുന്നു.
നാല് വിക്കറ്റ് വീണതിനു ശേഷം കളത്തിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലര്‍ ഒരറ്റത്ത് കത്തിക്കയറിയും മറുവശത്ത് റൂട്ട് ക്ലാസ് ബാറ്റിങ്ങും കാഴ്ചവെച്ചു. ഈ ഘട്ടത്തില്‍ ഇംഗ്ലണ്ട് സുരക്ഷിതമായ സ്ഥാനത്തെത്തിയെന്നു തോന്നലുണ്ടായപ്പോഴാണ് റൂട്ടിനെ വീഴ്ത്തി ഷദാബ് ഖാന്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്.
എന്നാല്‍ ഒരറ്റത്ത് ബട്ട്‌ലര്‍ ആക്രമണം തുടരുകയായിരുന്നു. പക്ഷേ 45-ാം ഓവറില്‍ ബട്ട്‌ലര്‍ പുറത്താകുമ്പോള്‍ വാലറ്റത്തിനു മുമ്പില്‍ 61 റണ്‍സായിരുന്നു ബാക്കിയുണ്ടായിരുന്നത്. വോക്ക്‌സിന്റെ ചില ഷോട്ടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പിന്നീടങ്ങോട്ട് പാകിസ്താന്റെ വരുതിയിലായി കാര്യങ്ങള്‍.
പാകിസ്താനു വേണ്ടി വഹാബ് റിയാസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 10 ഓവറില്‍ വഴങ്ങിയത് 82 റണ്‍സാണ്. ഷദാബ് ഖാന്‍, മുഹമ്മദ് ആമിര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 104 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് തോല്‍പ്പിച്ചതെങ്കില്‍, പാകിസ്താന്റെ വിന്‍ഡീസിനെതിരേ ആദ്യ മത്സരത്തില്‍ നേടിയത് 105 റണ്‍സായിരുന്നു.