ന്യൂദല്‍ഹി: സെയ്ഫ് അലിഖാനും കാമുകി കരീന കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏജന്റ് വിനോദിന് പാക്കിസ്ഥാനില്‍ നിരോധനം. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധപ്പെട്ട് പരാമര്‍ശമുണ്ടെന്ന് ആരോപിച്ചാണ് ചിത്രം പാക്കിസ്ഥാനില്‍ നിരോധിച്ചത്.
ശ്രീറാം രാഘവന്റെ തിരക്കഥയില്‍ അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ഏജന്റ് വിനോദ് മാര്‍ച്ച് 23 ന് റിലീസ് പ്രഖ്യാപിച്ചിരിക്കെയാണ് ചിത്രം പാക്കിസ്ഥാനില്‍ നിരോധിച്ചിരിക്കുന്നത്. ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ ഏജന്റായാണ് ചിത്രത്തില്‍ സെയ്ഫ് പ്രത്യക്ഷപ്പെടുന്നത്.
ചിത്രത്തില്‍ ഏജന്റ് വിനോദിന്റെ സഹായി റഷ്യന്‍മാഫിയയ്ക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നെന്ന് മനസിലായതിനെ തുടര്‍ന്ന് അദ്ദേഹത്തെ പിടികൂടി കൊലപ്പെടുത്തുന്നു. പക്ഷെ അയാള്‍ മരിക്കുന്നതിന് മുമ്പ് ഒരു സൂചനമാത്രം അവശേഷിപ്പിച്ചു പോകുന്നു.
ഒരു ആണവയുദ്ധം ഒഴിവാക്കാനുള്ള ശ്രമമാണ് ഏജന്റ് വിനോദിന്റേത്. ദല്‍ഹിയില്‍ പദ്ധതിയിട്ടിരുന്ന ആ ആണവയുദ്ധത്തില്‍ നിന്നും ഏജന്റ് വിനോദ് നാടിനെ രക്ഷിക്കുന്നു. ഏജന്റ് വിനോദിന്റെ ഇതിനുവേണ്ടിയുള്ള പരിശ്രമങ്ങളാണ് ചിത്രം പറയുന്നത്.
സെയ്ഫ് അലിഖാന്റെ സ്വന്തം നിര്‍മാണകമ്പനിയായ ഇല്യൂമിനേറ്റി ഫിലിംസ് ലവ് ആജ് കല്‍ നു ശേഷം പുറത്തിറക്കുന്ന ചിത്രമാണിത്.