ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ സംഘടനകളായ ജമാഅത്തുദ്ദഅ്‌വയെയും ഫലാഹി ഇന്‍സാനിയതിനെയും പാകിസ്ഥാന്‍ നിരോധിച്ചു. പാക് ആഭ്യന്തരമന്ത്രി ഷെഹരിയാര്‍ ഖാന്‍ അഫ്രീദിയാണ് ഇക്കാര്യം അറിയിച്ചത്. പാക് ഭീകരവിരുദ്ധ നിയമം 1997 പ്രകാരമാണ് നിരോധനം.
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരനും ജെയ്ഷെ കമാന്‍ഡറുമായ അബ്ദുള്‍ റൗഫ് അസ്ഗറടക്കം 44 പേരെ പേരെ പാകിസ്ഥാന്‍ ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജമാഅത്തുദ്ദഅ്‌വ അടക്കമുള്ള സംഘടനകളെ നിരോധിച്ചിരിക്കുന്നത്.
യു.എന്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ തീവ്രവാദ സംഘടനകളുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള ഉത്തരവും പാകിസ്ഥാന്‍ ഇന്നലെ പുറപ്പെടുവിച്ചിരുന്നു. അതേസമയം 2002 ജനുവരി 14 മുതല്‍ നിരോധിക്കപ്പെട്ട ജെയ്‌ഷെ മുഹമ്മദിനെതിരെയും മസൂദ് അസ്ഹറിനെതിരെയും നടപടിയൊന്നും വ്യക്തമാക്കിയിട്ടില്ല.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉയരുന്നതിനിടെയാണ് പാകിസ്ഥാന്റെ നടപടികളെല്ലാം.
മസൂദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്താന്‍ യു.എന്‍. രക്ഷാസമിതിയില്‍ (യു.എന്‍.എസ്.സി.) യു.എസ്., ഫ്രാന്‍സ്, യു.കെ. എന്നീ രാജ്യങ്ങള്‍ മാര്‍ച്ച് ഒന്നിന് പ്രമേയം അവതരിപ്പിച്ചിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ ഇത് പരിഗണിക്കപ്പെടും. ഐക്യരാഷ്ട്ര സഭയില്‍ അസ്ഹറിനെതിരെ പത്തുവര്‍ഷത്തിനിടെ കൊണ്ടുവരുന്ന നാലാമത്തെ പ്രമേയമാണിത്. നേരത്തെ മൂന്നു പ്രാവശ്യവും ചൈന വീറ്റോ അധികാരം ഉപയോഗിച്ച് പ്രമേയം തള്ളുകയായിരുന്നു.