| Monday, 14th October 2024, 8:08 pm

ബാബറിനെ പുറത്താക്കിയതിന്റെ കാരണം വെളിപ്പെടുത്തി പാക് അസിസ്റ്റന്റ് കോച്ച് അസ്ഹര്‍ മഹമൂദ്!

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് നടക്കാനിരിക്കുകയാണ്. ഒക്ടോബര്‍ 15 മുതല്‍ 19വരെയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ആദ്യ മത്സരത്തിന് വേദിയായ അതേ മുള്‍ട്ടാന്‍ സ്റ്റേഡിയമാണ് വേദി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്‌സിനും 47 റണ്‍സിനും തോല്‍വി വഴങ്ങിയാണ് പാകിസ്ഥാന്‍ തലകുനിച്ചുനിന്നത്.

എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡ് പി.സി.ബി പുറത്ത് വിട്ടപ്പോള്‍ മോശം പ്രകടനം കാരണം മുന്‍നിര താരങ്ങളായ ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, സര്‍ഫറാസ് അഹമ്മദ് എന്നിവരെയും സ്‌ക്വാഡില്‍ നിന്നും പുറത്താക്കിയിരുന്നു. ഇപ്പോള്‍ പാക് സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ ബാബറിനെ പുറത്താക്കിയതിന് കാരണം തുറന്ന് പറയുകയാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് അസ്ഹര്‍ മഹമൂദ്.

അസിസ്റ്റന്റ് കോച്ച് അസ്ഹര്‍ മഹമൂദ് പറഞ്ഞത്

‘ബാബര്‍ കളിക്കാന്‍ തയ്യാറായിരുന്നു, പക്ഷേ അദ്ദേഹത്തിന് വിശ്രമം നല്‍കാനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് സെലക്ഷന്‍ കമ്മിറ്റി കരുതി,’ മുള്‍ട്ടാനില്‍ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് അസിസ്റ്റന്റ് കോച്ച് അസ്ഹര്‍ മഹമൂദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സാജിദ് ഖാന്‍, നൊമാന്‍ അലി, സാഹിദ് മഹ്‌മൂദ് എന്നിവരെയാണ് ടീമില്‍ തിരിച്ചുവിളിച്ചുകൊണ്ട് വന്നത്. മത്സരത്തില്‍ സ്പിന്‍ ആക്രമണത്തിനാണ് പാകിസ്ഥാന്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. ആമിര്‍ ജമാല്‍ ആണ് ടീമിലെ ഏക ഫാസ്റ്റ് ബൗളര്‍. അതേസമയം ഇംഗ്ലണ്ട് പാകിസ്ഥാനെതിരെയുള്ള പ്ലെയിങ് പ്രഖ്യാപിച്ചിരുന്നു. പരിക്കിന്റെ പിടിയില്‍ നിന്ന് ക്യാപ്റ്റന്‍ ബെന്‍ സ്റ്റേക്‌സ് ഇംഗ്ലണ്ട് ടീമില്‍ തിരിച്ചെത്തിയത് വലിയ തരിച്ചടിയായേക്കും.

പാകിസ്ഥാന്‍ സ്‌ക്വാഡ്

ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), സൗദ് ഷക്കീല്‍ (വൈസ് ക്യാപ്റ്റന്‍), ആമിര്‍ ജമാല്‍, അബ്ദുല്ല ഷഫീഖ്, ഹസീബുള്ള (വിക്കറ്റ് കീപ്പര്‍), കമ്രാന്‍ ഗുലാം, മെഹ്റാന്‍ മുംതാസ്, മിര്‍ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുറൈറ, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), നൊമാന്‍ അലി, സയിം അയൂബ്, സാജിദ് ഖാന്‍, സല്‍മാന്‍ അലി ആഘ, സാഹിദ് മെഹ്‌മൂദ്.

പാകിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത്, ബ്രൈഡന്‍ കാര്‍സെ, മാറ്റ് പോട്സ്, ജാക്ക് ലീച്ച്, ഷോയിബ് ബഷീര്‍

Content Highlight: Pakistan Assistant coach Azhar Mahmood Talking About Babar Azam

We use cookies to give you the best possible experience. Learn more