| Sunday, 27th October 2024, 8:13 pm

സാമ്പത്തിക പ്രതിസന്ധി; ചൈനയോട് 1.4 ബില്യണ്‍ ഡോളറിന്റെ സഹായം അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചൈനയോട് ധനസഹായം അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍. 1.4 ബില്യണ്‍ ഡോളറാണ് (10 ബില്യണ്‍ യുവാന്‍) പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറില്‍ മാറ്റം വരുത്തണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. കരാര്‍ പ്രകാരമുള്ള സഹായത്തുക 40 ബില്യണ്‍ യുവാനായി ഉയര്‍ത്തണമെന്നാണ് പാകിസ്ഥാന്‍ ആവശ്യപ്പെട്ടത്.

ഇതുസംബന്ധിച്ച് ലോക നാണയനിധിയുടെയും ലോകബാങ്കിന്റെയും വാര്‍ഷിക യോഗത്തില്‍ വെച്ച് ഇരുരാജ്യങ്ങളുടെയും ധനമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി. ചൈനയുടെ ധനകാര്യ ഉപമന്ത്രിയായ ലിയാവോ മിനുവും പാകിസ്ഥാന്‍ ധനമന്ത്രി മുഹമ്മദ് ഔറംഗസേബുമാണ് കൂടിക്കാഴ്ച നടത്തിയത്.

കരാര്‍ അടിസ്ഥാനത്തില്‍ ചൈന നല്‍കിയ 30 ബില്യണ്‍ യുവാന്‍ ഇതിനോടകം പാകിസ്ഥാന്‍ ഉപയോഗിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ ഇപ്പോഴത്തെ ആവശ്യം ചൈന അംഗീകരിക്കുകയാണെങ്കില്‍ 5.7 ബില്യണ്‍ ഡോളര്‍ ധനസഹായമായിരിക്കും പാകിസ്ഥാന് ലഭിക്കുക.

അതേസമയം പാകിസ്ഥാന് 4.3 ബില്യണിന്റെ സഹായം നല്‍കുന്നത് മൂന്ന് വര്‍ഷത്തേക്ക് കൂടി ചൈന അടുത്തിടെ നീട്ടിയിരുന്നു. എന്നാല്‍ വായ്പാ പരിധി ഉയര്‍ത്തുന്നതില്‍ ചൈന പാകിസ്ഥാന് അനുകൂലമായ നിലപാടുകളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. കരാര്‍ പ്രകാരം 2027 വരെയാണ് പാകിസ്ഥാന്റെ വായ്പാ തിരിച്ചടവ് കാലാവധി.

അടുത്തിടെ ലോക നാണയനിധിയില്‍ നിന്ന് ഏഴ് ബില്യണ്‍ ഡോളറിന്റെ സഹായം പാകിസ്ഥാന്‍ നേടിയിരുന്നു. ഇതിനുപിന്നാലെ ഐ.എം.എഫില്‍ നിന്ന് കൂടുതല്‍ ധനസഹായം ലഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മുഹമ്മദ് ഔറംഗസേബ് പ്രതികരിച്ചിരുന്നു.

ഐ.എം.എഫില്‍ നിന്ന് സ്ഥിരമായി വായ്പയെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍. വികസ്വര രാജ്യങ്ങളുടെ ക്ഷേമത്തിനായി വായ്പ നല്‍കാനുള്ള ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവിന്റെ പരിഗണനയിലുള്ള പ്രധാന രാജ്യങ്ങളില്‍ ഒന്നുകൂടിയാണ് പാകിസ്ഥാന്‍.

സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യത്തെ ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം തുടങ്ങിയവ അരക്ഷിതാവസ്ഥയിലായ സാഹചര്യത്തിലാണ് പാകിസ്ഥാന്‍ കൂടുതല്‍ ധനസഹായം തേടുന്നത്.

Content Highlight: Pakistan asks China for $1.4 billion in aid

Latest Stories

We use cookies to give you the best possible experience. Learn more