| Sunday, 4th October 2015, 4:30 pm

100 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ പാകിസ്ഥാന്‍ പിടികൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 100 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ പാകിസ്ഥാന്‍ പിടികൂടി. പാകിസ്ഥാന്‍ മാരി ടൈം സെക്യൂരിറ്റി ഏജന്‍സിയാണ്( പി.എം.എസ്.എ) തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. 12 ബോട്ടുകളും പാക് സേന പിടികൂടിയിട്ടുണ്ട്. റേഡിയോ പാകിസ്ഥാനാണ് തൊഴിലാളികളെ പിടികൂടിയ വിവരം പുറത്ത് വിട്ടത്.

ഗുജറാത്ത് തീരത്ത് വെച്ചാണ് തൊഴിലാളികളെ പിടികൂടിയത്. ഓഖ, പോര്‍ബന്തര്‍ എന്നിവിടങ്ങളില്‍ നിന്നും അഞ്ച് ദിവസം മുമ്പ് കടലില്‍ പോയവരാണ് പിടിയിലായതെന്ന് നാഷണല്‍ ഫിഷര്‍ വര്‍ക്കേഴ്‌സ് ഫോറം (എന്‍.എഫ്.എഫ്) അറിയിച്ചു.

ഈ വര്‍ഷം ജനുവരിക്ക് ശേഷം നാലാമത്തെ തവണയാണ് ഇന്ത്യന്‍ മത്സ്യ സംഘത്തെ പാകിസ്ഥാന്‍ പിടികൂടുന്നത്. ഇന്ത്യന്‍ മത്സ്യതൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനിടയിലാണ് കൂടുതല്‍ പേര്‍ ഇപ്പോള്‍ വീണ്ടും പിടിയിലായിരിക്കുന്നത്.

സെപ്റ്റംബറില്‍ ഗുജറാത്ത് സ്വദേശിയായ ഇഖ്ബാല്‍ ഭട്ടിയെന്ന മത്സ്യബന്ധന തൊഴിലാളിയെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്കടുത്ത് വെച്ച്  അഞ്ജാതര്‍ വെടിവെച്ച് കൊന്നിരുന്നു.

We use cookies to give you the best possible experience. Learn more