| Thursday, 4th May 2017, 11:44 am

ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയതില്‍ പാക് സൈന്യത്തിന് പങ്കുണ്ട്: അരുണ്‍ ജയറ്റ്ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയതില്‍ പാകിസ്ഥാന്‍ സൈന്യത്തിനു പങ്കുണ്ടെന്ന് കേന്ദ്ര പ്രധിരോധ മന്ത്രി അരുണ് ജെയ്റ്റ്ലി. പാകിസ്ഥാന്‍ പങ്കില്ലെന്നു പറഞ്ഞ സാഹചര്യത്തിലാണ് ജെയ്റ്റ്‌ലിയുടെ ആരോപണം.

സാഹചര്യങ്ങള്‍ വ്യക്തമായി ചൂണ്ടിക്കാട്ടുന്നത് പാകിസ്ഥാന്‍ സൈന്യത്തിന് പങ്കുണ്ടെന്നാണെന്നും അദ്ദേഹം പറഞ്ഞു. ഫോറിന്‍ സെക്രട്ടറി എസ്. ജയ്ശങ്കര്‍ പാകിസ്ഥാന്‍ ഹൈ കമ്മീഷണര്‍ അബ്ദുല്‍ ബാസിത്തിന് തെളിവ് സമര്‍പ്പിച്ച ശേഷമാണ് അരുണ് ജയറ്റ്ലിയുടെ പ്രസ്താവന.

“പാകിസ്ഥാന്റെ നിഷേധം വിശ്വാസയോഗ്യമല്ല, നമ്മുടെ രണ്ട് പട്ടാളക്കാരെ കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കിയ നടപടിയില്‍ പാകിസ്ഥാന് വ്യക്തമായ പങ്കുണ്ടെന്നാണ് എല്ലാ സാഹചര്യ തെളിവുകളും വ്യക്തമാക്കുന്നത്” അദ്ദേഹം പറഞ്ഞു.

ഈ ഹീനകൃത്യം ചെയ്തവര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നതാണ് വസ്തുത. അല്ലെങ്കില്‍ ഇത്രയും സുരക്ഷയുള്ള അതിര്‍ത്തി മേഖലയില്‍ നിന്നും അവര്‍ക്ക് എളുപ്പം രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല. സൈന്യത്തിന്റെ സംരക്ഷണവും സഹായവും ഇല്ലാതെ അവര്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

മൂന്ന് ദിവസം മുന്‍പാണ് സുബേദാര്‍ നായിബ് പരംജിത് സിങ്ങും കോണ്‍സ്റ്റബിള്‍ പ്രോം സാഗറും കൊല്ലപ്പെട്ടത്.
ഇന്ത്യ ഇതിനെതിരെ എങ്ങിനെ പ്രതികരിക്കുമെന്നതിന് “നമ്മുടെ സൈന്യത്തെ വിശ്വസിക്കൂ” എന്നായിരുന്നു അരുണ്‍ ജെയ്റ്റ്ലിയുടെ മറുപടി.

We use cookies to give you the best possible experience. Learn more