ഹേഗ്: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യാന്തര കോടതിയില്‍ ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ പാകിസ്താന്റെ വാദം പൂര്‍ത്തിയായി. വധശിക്ഷ റദ്ദാക്കണമെന്ന ഇന്ത്യയുടെ അപേക്ഷ തള്ളണമെന്നാണ് പ്രധാനമായും പാകിസ്താന്‍ ആവശ്യപ്പെട്ടത്.
അതേസമയം വാദത്തിനിടെ കോടതിയില്‍ പാകിസ്താന് തിരിച്ചടിയുണ്ടായി. കുല്‍ഭൂഷണ്‍ ജാദവിന്റെ “കുറ്റസമ്മത വീഡിയോ” പ്രദര്‍ശിപ്പിക്കാന്‍ പാകിസ്താന് കോടതി അനുമതി നല്‍കിയില്ല. മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനായ ജാദവിനെ ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ചാണ് പാകിസ്താന്‍ വധശിക്ഷ വിധിച്ചത്.
ഉച്ചയ്ക്കായിരുന്നു ഇന്ത്യയുടെ വാദം. വൈകീട്ട് ആറരയോടെയാണ് പാകിസ്താന്റെ വാദം തുടങ്ങിയത്. കേസില്‍ കോടതി പിന്നീട് വിധി പറയും.
കോടതിയില്‍ പാകിസ്താന്‍ ഉയര്‍ത്തിയ പ്രധാന വാദങ്ങള്‍ ഇവയാണ്: രാജ്യാന്തര കോടതിയെ ഇന്ത്യ രാഷ്ട്രീയം കളിക്കാനുള്ള വേദിയാക്കുകയാണ്. ഇന്ത്യയുടെ അപേക്ഷ അനാവശ്യമാണ്. സമാധാനത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്.
ഭീകരവാദത്തിന്റെ ഇരയാണ് പാകിസ്താന്‍. ജാവേദിന്റെ പാസ്‌പോര്‍ട്ടിനെ പറ്റി ഇന്ത്യ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. അതിവൈകാരികമായാണ് ഇന്ത്യ ഇടപെടുന്നത്. മാധ്യമങ്ങളുടെ പിന്തുണ നേടാനാണ് ഇന്ത്യയുടെ ശ്രമമെന്നും പാകിസ്താന്‍ വാദിച്ചു.
പാകിസ്താന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഖവാര്‍ ഖുറേഷിയാണ് രാജ്യാന്തര കോടതിയില്‍ വാദിച്ചത്. ഹേഗിലെ കോടതിയിലെ 11 അംഗ ബെഞ്ചാണ് വാദം കേട്ടത്. 90 മിനുറ്റ് വീതമാണ് ഇരു രാജ്യങ്ങള്‍ക്കും വാദത്തിനായി നല്‍കിയത്. ഇന്ത്യയ്ക്ക് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് വാദിച്ചത്.
വീഡിയോ: