| Sunday, 24th February 2019, 8:43 pm

ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രത്തില്‍ നിരീക്ഷണത്തിനായി ഉദ്യോഗസ്ഥരെ നിയമിച്ച് പാകിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: നിയന്ത്രണമേറ്റെടുത്തതിന് പിന്നാലെ പാക് പഞ്ചാബിലെ ബഹാവല്‍പൂരിലുള്ള ജെയ്‌ഷെ മുഹമ്മദ് കേന്ദ്രത്തിലേക്ക് രണ്ട് സൂപ്പര്‍വൈസര്‍മാരെ കൂടി പാക് സര്‍ക്കാര്‍ നിയമിച്ചു. ജെയ്‌ഷെയുടെ മദ്രസത്തുല്‍ സാബിര്‍, ജാമിഅ-മസ്ജിദ് സുബ്ഹാനല്ല എന്നിവയുടെ നിരീക്ഷണത്തിനാണ് പുതിയ ഉദ്യോഗസ്ഥരെ പാക് സര്‍ക്കാര്‍ നിയമിച്ചത്.

ബഹാവല്‍പൂരിലെ ആള്‍ താമസമുള്ള മോഡല്‍ ടൗണ്‍ ബിയിലാണ് ജാമിഅ-മസ്ജിദ് സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ബഹാവല്‍പൂര്‍-അഹ്മദ് ഈസ്റ്റ് ഹൈവേയിലാണ് മദ്രസത്തുല്‍ സാബിര്‍ സ്ഥിതി ചെയ്യുന്നത്.

അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തില്‍ ജെയ്‌ഷെ മുഹമ്മദ് കേന്ദ്രം ഏറ്റെടുത്തതായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം പാക് സര്‍ക്കാര്‍ ഇത് തിരുത്തിപ്പറഞ്ഞിരുന്നു. ഒരു മദ്രസയുടെ നിയന്ത്രണമാണ് ഏറ്റെടുത്തതെന്നും ഇതിന് ജെയ്‌ഷെ മുഹമ്മദുമായി ബന്ധമില്ലെന്നുമാണ് പാകിസ്ഥാന്‍ തിരുത്തിയത്.

ലാഹോറില്‍ നിന്ന് 430 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രങ്ങള്‍ ജെയ്‌ഷെ മുഹമ്മദിന്റേതാണെന്ന് പാകിസ്ഥാന്‍ ആദ്യമായാണ് സമ്മതിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more