| Sunday, 24th December 2023, 7:56 am

ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറിയടിച്ച് തിളങ്ങിയവനും ടീമില്‍

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന U19 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് പാകിസ്ഥാന്‍. 17കാരന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാദ് ബായ്ഗിന്റെ നേതൃത്വത്തിലാണ് പാകിസ്ഥാന്റെ യുവതാരങ്ങള്‍ ലോകകപ്പിനിറങ്ങുന്നത്.

U19 ലോകകപ്പിന്റെ 15ാം എഡിഷന് സൗത്ത് ആഫ്രിക്കയാണ് വേദിയാകുന്നത്. 2024 ജനുവരി 19നാണ് ലോകകപ്പിന് തുടക്കമാകുന്നത്. 50 ഓവര്‍ ഫോര്‍മാറ്റിലാണ് ലോകകപ്പ് നടക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന കഴിഞ്ഞ എഡിഷനില്‍ ടീമിന്റെ ഭാഗമായിരുന്ന അലി അസ്ഫന്ദ്, മുഹമ്മദ് സീഷന്‍ എന്നിവരും ടീമിന്റെ ഭാഗമാണ്.

ദിവസങ്ങള്‍ക്ക് മുമ്പേ അവസാനിച്ച U19 ഏഷ്യാ കപ്പിലും സാദ് ബായ്ഗ് തന്നെയാണ് പാകിസ്ഥാനെ നയിച്ചത്. ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ആതിഥേയരായ യു.എ.ഇയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയാണ് പാകിസ്ഥാന്‍ ഏഷ്യാ കപ്പില്‍ നിന്നും പുറത്തായത്.

ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ നിരയില്‍ നിര്‍ണായകമായ അസന്‍ അവായിസും ടീമിന്റെ ഭാഗമാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയ താരമാണ് അവായിസ്. താരത്തിന്റെ സെഞ്ച്വറി കരുത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തുകും ചെയ്തിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ തച്ചുതകര്‍ത്ത മുഹമ്മദ് സീഷനാണ് ലോകകപ്പിനുള്ള പാക് സ്‌ക്വാഡിലെ മറ്റൊരു പ്രധാന താരം.

‘സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഇടം നേടിയ 15 താരങ്ങളെയും അഭിനന്ദിക്കുകയാണ്. ഇത് വളരെ ബാലന്‍സ്ഡ് ആയ സ്‌ക്വാഡ് തന്നെയാണ്. ലോകകപ്പില്‍ ഈ ടീം വളരെ മികച്ച പ്രകടനം പുറത്തടുക്കുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നത്,’ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായ മുന്‍ പാക് സൂപ്പര്‍ താരം സൊഹൈല്‍ തന്‍വീര്‍ പറഞ്ഞു.

U19 ലോകകപ്പിനുള്ള പാക് സ്‌ക്വാഡ്

സാദ് ബായ്ഗ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അലി അസ്ഫന്ദ് (വൈസ് ക്യാപ്റ്റന്‍), അലി റാസ, അഹമ്മദ് ഹസന്‍, ആമിര്‍ ഹസന്‍, അര്‍ഫത് മിന്‍ഹാസ്, അസന്‍ അവായിസ്, ഹാറൂണ്‍ അര്‍ഷദ്, ഖുബൈബ് ഖലീല്‍, മുഹമ്മദ് സീഷന്‍, നവീദ് അഹമ്മദ് ഖാന്‍, ഷഹസൈബ് ഖാന്‍, ഷാമില്‍ ഹുസൈന്‍, മുഹമ്മദ് റിസാഉള്ള, ഉബൈദ് ഷാ.

അതേസമയം, U19 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീം സൗത്ത് ആഫ്രിക്കക്കും അഫ്ഗാനിസ്ഥാനും എതിരെയുള്ള ട്രൈസീരീസിനുള്ള ഒരുക്കത്തിലാണ് ബി.സി.സി.ഐ വ്യക്തമാക്കി.

Content Highlight: Pakistan announces U19 World Cup squad

Latest Stories

We use cookies to give you the best possible experience. Learn more