| Sunday, 25th May 2014, 12:17 pm

മോദിയുടെ ക്ഷണം; പാകിസ്ഥാനും ശ്രീലങ്കയും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: അപ്രതീക്ഷിതമായി ലഭിച്ച ക്ഷണത്തിന് മാന്യമായ പ്രതികരണം നല്‍കുകയാണ് പാക് പ്രധാനമന്ത്രി നവാസ് ഷരീഫും ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയും.

മെയ് 26ന് നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന ഇരു രാഷ്ട്ര നേതാക്കളും തങ്ങളുടെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ മല്‍സ്യ തൊഴിലാളികളെ മോചിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 152 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെയാണ് പാക്കിസ്ഥാന്‍ മോചിപ്പിക്കിക്കുക. കഴിഞ്ഞ വര്‍ഷം ഓഗസ്്റ്റില്‍ 337 പേരെയും പിന്നീട് ദീപാവലി ദിനത്തില്‍ 15 പേരെയും പാകിസ്ഥാന്‍ മോചിപ്പിച്ചിരുന്നു.

229 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളും 780 ബോട്ടുകളുമാണു പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ളത്. ഇന്ത്യയിലെ വിവിധ ജയിലുകളിലായി 200 ഓളം പാക് മത്സ്യത്തൊഴിലാളികള്‍ കഴിയുന്നുണ്ട്.

തങ്ങളുടെ ജയിലില്‍ കഴിയുന്ന മുഴുവന്‍ മല്‍സ്യ തൊഴിലാളികളെയും ശ്രീലങ്ക മോചിപ്പിക്കും. ഐക്യരാഷ്ട്ര സഭയില്‍ ശ്രീലങ്കക്കെതിരെ വോട്ടു ചെയ്യാതെ ഇന്ത്യ മാറി നിന്നതിനുള്ള നന്ദി പ്രകടനമായി ഏതാനും മല്‍സ്യ തൊഴിലാളികളെ പുറത്തുവിടാന്‍ രാജപക്‌സെ ഈ വര്‍ഷം ആദ്യത്തില്‍ ഉത്തരവിട്ടിരുന്നു.

സമുദ്രാതിര്‍ത്തി ലംഘിച്ച് തങ്ങളുടെ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനെ തുടര്‍ന്നാണ് ഓരോ രാജ്യവും മറ്റു രാജ്യത്തെ മല്‍സ്യ തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more