ബീജിങ്: അതിര്‍ത്തിയില്‍ ഇന്ത്യക്ക് വലിയ വെല്ലുവിളിയാകുന്ന സൈനിക നീക്കത്തിന് കോപ്പുകൂട്ടി പാകിസ്ഥാനും ചൈനയും. പാക് നാവികസേനയുമായി കൂടുതല്‍ മെച്ചപ്പെട്ട ബന്ധത്തിന് തയ്യാറാണെന്ന ചൈനീസ് പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനം ഇന്ത്യക്ക് കൂടുതല്‍ ആശങ്കക്ക് വഴിതെളിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളുടേയും അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ മേഖലകളില്‍ സഹകരണം വേണ്ടി വരുമെന്ന് ഇരുവരും സംയുക്ത പ്രസ്താവന നടത്തിയതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ ലി ഷാങ്ഫുവും പാക് നാവികസേനാ മേധാവി അംജദ് ഖാന്‍ നിയാസിയുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനമെടുത്തത്.
ഇരു രാജ്യങ്ങളുടേയും നാവികസേനകളുടെ നേതൃത്വത്തില്‍ സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. പുതിയ നീക്കം രാജ്യാതിര്‍ത്തികളുടെ സംരക്ഷണത്തില്‍ നിര്‍ണായകമാണെന്നും ചൈന-പാക് ബന്ധം കൂടുതല്‍ സുദൃഢമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് പ്രതിരോധമന്ത്രി ലി ഷാങ്ഫു പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍ എന്നിവിടങ്ങളില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ നാവിക ശക്തി വര്‍ധിപ്പിക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. പാകിസ്ഥാന്‍ നിര്‍മിക്കുന്ന ഗ്വദാര്‍ തുറമുഖം കേന്ദ്രീകരിച്ചാണ് നാവിക പരിശീലനങ്ങള്‍ പുരോഗമിക്കുന്നത്.
നാല് അത്യാധുനിക യുദ്ധക്കപ്പലുകള്‍, എട്ട് മുങ്ങികപ്പലുകള്‍ എന്നിവയാണ് നാവികസേനകളുടെ നവീകരണത്തിന്റെ ഭാഗമായി ചൈന പാകിസ്ഥാന് കൈമാറാന്‍ പോകുന്നതെന്ന് പാക് നാവികസേനാ മേധാവിയെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളില്‍ തകര്‍ച്ച നേരിടുന്നതിനിടെ പാക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ ബീജിങ്ങിലെത്തി മുതിര്‍ന്ന ചൈനീസ് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിനെ ഫോണില്‍ വിളിച്ച് സാമ്പത്തിക സഹായങ്ങള്‍ നല്‍കാമെന്ന് ചൈനീസ് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മെയ് ആദ്യ വാരം വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു.
അതേസമയം, വരുന്ന 10-15 വര്‍ഷത്തിനകം പാകിസ്ഥാന്‍ നാവികസേനയുടെ നവീകരണം കൂടുതല്‍ മെച്ചപ്പെട്ടതായി മാറുമെന്നാണ് കരുതുന്നതെന്ന് ഇന്ത്യന്‍ നാവികസേനാ മേധാവി കുമാര്‍ ദി പ്രിന്റിനോട് പ്രതികരിച്ചു. ഇക്കാലയളവില്‍ കൂടുതല്‍ പടക്കപ്പലുകള്‍ പാക് നാവികസേനയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.